കൊച്ചി: മലയാള സിനിമയുടെ എക്കാലത്തേയും അമ്മ മുഖം കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്‍കാനൊരുങ്ങി കലാ-സാംസ്‌കാരിക ലോകം. മലയാള സിനിമ ലോകത്ത് നിന്ന് നിരവധി പേരാണ് പൊതുദര്‍ശനം നടക്കുന്ന കളമശേരി ടൗണ്‍ ഹാളിലേയ്ക്ക് ഒഴുകിയെത്തുന്നത്. നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, കുഞ്ചന്‍, മനോജ് കെ ജയന്‍, രവീന്ദ്രന്‍ സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി അമ്മയുടെ സ്‌നേഹം അനുഭവിച്ച എല്ലാവരും അവസാനമായി ഒരു നോക്ക് കാണാനെത്തി. രാഷ്ട്രീയ നേതാക്കളും കളമശ്ശേരിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വൈകീട്ട് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.
ഇന്നലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ അമ്മ മുഖമായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. നാടകത്തില്‍ നിന്നായിരുന്നു സിനിമാ ലോകത്തേയ്ക്ക് എത്തിയത്. തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ ‘മൂലധന’മായിരുന്നു ആദ്യകാലങ്ങളില്‍ പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളില്‍ ഒന്ന്. കുടുംബിനി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി മുന്‍നിര നായകന്മാരുടെയെല്ലാം അമ്മയായി കവിയൂര്‍ പൊന്നമ്മ തിളിങ്ങി.