Newsperseconds.com

സംസ്ഥാന തല സ്‌കൂള്‍ ശാസ്‌ത്രോല്‍സവം ആലപ്പുഴയില്‍; നവംബര്‍ 15 ന് തുടക്കം കുറിക്കും

Untitled 1

ആലപ്പുഴ: സമ്പന്നമായ ശാസ്ത്രധാരകളുള്ള കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭാസ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല കേരള സ്‌കൂള്‍ ശാസ്‌ത്രോല്‍സവം ആലപ്പുഴയില്‍ നടക്കും. ഇതിന്റെ സംഘാടക സമിതിയോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രരംഗങ്ങളില്‍ തങ്ങളുടെ കഴിവുകളും സൃഷ്ടിപരതയും തെളിയിക്കാനുള്ള ശക്തമായ വേദിയാണ് ശാസ്‌ത്രോല്‍സവം വഴി പൊതു വിദ്യാഭാസ വകുപ്പ് നല്‍കുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. നമ്മുടെ കുട്ടികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും മികച്ച വേദികളും നല്‍കുമ്പോള്‍ അവരുടെ കഴിവുകള്‍ക്ക് രാജ്യാന്തര തലത്തിലും പ്രാധാന്യം ലഭിക്കുന്നുണ്ട്. ശാസ്ത്രരംഗങ്ങളില്‍ മികച്ച കഴിവുകള്‍ ഉണ്ടെന്ന് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍, നമ്മുടെ ഭാവിയുടെ ശാസ്ത്രജ്ഞന്മാരും ഗവേഷകരുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തെ സംസ്ഥാന തല ശാസ്‌ത്രോല്‍സവം അഞ്ച് ദിവസമായിട്ടാണ് നടത്തുന്നത്. നവംബര്‍ 15 മുതല്‍ 19 വരെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ആതിഥേയത്വം ആലപ്പുഴയ്ക്കാണ് ലഭിച്ചിട്ടുള്ളത്. ശാസ്ത്രം,ഗണിത ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം,ഐ. റ്റി. മേള,കൂടാതെ വൊക്കേഷണല്‍ എക്‌സ്‌പോ ആന്റ് കരിയര്‍ ഫെസ്റ്റ് എന്നിങ്ങനെ 7 വിഭാഗത്തില്‍പ്പെട്ട മേളകള്‍ നടക്കുന്നുണ്ട്.പതിനായിരത്തില്‍പ്പരം കുട്ടികള്‍ പങ്കെടുക്കുന്ന ഈ ശാസ്‌ത്രോത്സവം, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശാസ്ത്രമേള എന്നതില്‍ നമ്മുടെ അഭിമാനവും പ്രതീക്ഷയും കൂടിയാണെന്ന് മന്ത്രി പറഞ്ഞു.

ഫിഷറീസ് -സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എമാരായ പി.പി.ചിത്തരഞ്ജന്‍, എച്ച്.സലാം, ദലീമ, യു.പ്രതിഭ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ല കളക്ടര്‍ അലക്ള്‍സ് വര്‍ഗീസ്, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ.ജയമ്മ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, സി.പി.എം.ജില്ല സെക്രട്ടറി ആര്‍.നാസര്‍, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എ.എം.നസീര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്.ശ്രീലത എന്നിവര്‍ സംസാരിച്ചു. ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,വിദ്യാഭ്യാസ മന്ത്രി, ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു.

Share this Article

Leave a Comment