എൽഡിഎഫ് നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടനില്ല. നാളെ നിർണായക ഇടത് മുന്നണി യോഗം ചേരും. ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും ഉടൻ മാറില്ല. കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും കാത്തിരിക്കേണ്ടി വരും. അടുത്തവർഷം ജനുവരിയിൽ പുനഃസംഘടന നടത്താനാണ് സിപിഐഎമ്മിൽ ആലോചന. നാളെ നടക്കുന്ന യോഗത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം അറിയിക്കും. എൽഡിഎഫ് ധാരണ അനുസരിച്ച് ഒറ്റ എംഎൽഎയുള്ള നാല് പാര്‍ട്ടികൾ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്നാണ്. ഇതനുസരിച്ച് കാലാവധി തികയുന്നത് നവംബര്‍ 20 നാണ്. മന്ത്രിമാറ്റം ഉടൻ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ബി മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈമാസം പതിനെട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലപര്യടനത്തിനിറങ്ങും. ഡിസംബര്‍ 24 വരെ നീളുന്നതാണ് മണ്ഡലപര്യടനം. പുനഃസംഘടന നടന്നാൽ ഗതാഗത മന്ത്രി ആന്‍റണി രാജുവിനും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പകരക്കാരാകും പര്യടന സംഘത്തിലുണ്ടാകുക. ഇതൊഴിവാക്കാനാണ് നിലവിലെ ധാരണ.
നാളെ വൈകീട്ട് മൂന്ന് മണിക്കാണ് ഇടതുമുന്നണി യോഗത്തിൽ മണ്ഡലപര്യടനവും മന്ത്രിസഭാ പുനഃസംഘടനയുമാണ് പ്രധാന അജണ്ട.