ന്യൂഡല്‍ഹി: സര്‍ക്കാറിനേയും പാര്‍ട്ടിയേയും തകര്‍ക്കുന്നതിന് വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ തുനിഞ്ഞ് ഇറങ്ങിയതാണെന്നും അത് ഏറ്റുപിടിച്ച് വക്കാലത്തുമായി പുറപ്പെട്ടിരിക്കുകയാണ് പി വി അന്‍വര്‍ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പി വി അന്‍വര്‍ എംഎല്‍എ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറിയെന്നും അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചതായും എം വി ഗോവിന്ദന്‍ പറഞ്ഞു. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ പിന്തുണയില്‍ സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ പറയുന്നതിന് എതിരാണ് പ്രവര്‍ത്തിക്കുന്നത്. അന്‍വര്‍ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ്. അന്‍വറിന് പാര്‍ട്ടിയെ കുറിച്ച് കാര്യമായി ധാരണയില്ല. ഇടതുപക്ഷ സഹയാത്രികന്‍ മാത്രമാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ കുറിച്ചോ സംഘടനാപരമായ കാര്യങ്ങളെ കുറിച്ചോ യാതൊരു വിധ ധാരണയുമില്ല. സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടല്ല അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവരുടെയും പരാതികളും ആവലാതികളും പരിശോധിക്കുക എന്നത് പാര്‍ട്ടിയുടെ നയമാണ്. ജനങ്ങളുടെ പരാതികള്‍ പരിശോധിച്ച് പരിഹരിച്ചു മുന്നോട്ടുപോകുന്ന നയം തന്നെയാണ് സര്‍ക്കാരിന്റെയും. അന്‍വര്‍ നല്‍കിയ പരാതി അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്തു. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. പക്ഷേ അന്വേഷണത്തില്‍ അന്‍വര്‍ തൃപ്തനല്ല. പരാതികള്‍ പരിശോധിക്കുന്നതിനിടയില്‍ പാര്‍ട്ടിയെ വിശ്വസിച്ചില്ല. പരാതികള്‍ പരിഗണിക്കുമെന്ന് മൂന്ന് പി ബി അംഗങ്ങള്‍ ഉറപ്പുനല്‍കി. എന്നിട്ടും അച്ചടക്കം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
അന്‍വര്‍ നല്‍കിയ പരാതി പാര്‍ട്ടി ചര്‍ച്ച ചെയ്തു. തീരുമാനം പരസ്യമായി പത്രസമ്മേളനത്തിലൂടെ അറിയിക്കുകയും ചെയ്തു. അന്നത്തെ പരാതിയില്‍ പി ശശിക്കെതിരെ പരാതി ഉണ്ടായിരുന്നില്ല. അതിനാല്‍ പരിശോധിച്ചില്ല. അതിന് ശേഷമാണ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയത്. അത് പരിശോധിച്ചുവരികയാണ്. പി ശശിയുമായി നേരിട്ട് താന്‍ തന്നെ ബന്ധപ്പെട്ടിരുന്നു. മൂന്നാം തിയ്യതി കാണുന്നതിനായി നിശ്ചയിച്ചു. അതിന് ശേഷമാണ് അച്ചടക്കത്തിന്റെ സീമ ലംഘിച്ച് പിവി അന്‍വര്‍ വീണ്ടും പത്രസമ്മേളനം നടത്തിയത്. അതേ സമയം, പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്ന് അന്‍വര്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചെന്നു പറഞ്ഞ അന്‍വര്‍ വളരെ വേഗം തന്റെ നിലപാട് മാറ്റി. സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നവര്‍ക്കും നേതാക്കള്‍ക്കും ഇതുപോലെ പല ആരോപണങ്ങള്‍ക്കും വിധേയരായിട്ടുണ്ട്. അധിക്ഷേപങ്ങള്‍ വന്നില്ലെങ്കിലാണ് അത്ഭുതപ്പെടേണ്ടത്. ഇതു കൊണ്ടെന്നും പാര്‍ട്ടിയെ തകര്‍ക്കാനാകില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.