നിലമ്പൂര്‍: നിലമ്പൂരിലെ ചന്തക്കുന്നില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തിന് എത്തിയ അന്‍വറിനെ സ്വീകരിക്കാനെത്തിയത് വന്‍ജനാവലി. വിവിധ ജില്ലകളില്‍ നിന്നുമാണ് ആളുകളെത്തിയത്. മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അന്‍വറിനെ സ്വീകരിച്ചത്. പാര്‍ട്ടിഭേദമന്യേ പ്രവര്‍ത്തകര്‍ യോഗത്തിന് എത്തിയിട്ടുണ്ട്. പൊതുസമ്മേളനത്തിന് പൊലീസ് വന്‍സുരക്ഷ ഒരുക്കിയിട്ടുണ്ട്. അന്‍വറുമായുള്ള ബന്ധം സിപിഐഎം ഉപേക്ഷിച്ചതോടെ പിവി അന്‍വറും സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസും പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്.
മോഹന്‍ദാസ് ആര്‍എസ്എസ് മനസ്സുള്ള മുസ്ലിം വിരോധിയാണെന്ന അന്‍വറിന്റെ ആരോപണം പുച്ഛത്തോടെ തള്ളുന്നുവെന്നും അന്‍വര്‍ വര്‍ഗീയതയുടെ തീപ്പന്തമാവുകയാണെന്നും ജില്ലാ സെക്രട്ടറി തിരിച്ചടിച്ചിരുന്നു. മാത്രമല്ല ഫോണ്‍ ചോര്‍ത്തലില്‍ പി വി അന്‍വറിനെതിരെ ഇന്ന് കേസെടുത്തിരുന്നു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി, ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയതിനുമാണ് കേസ്. കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്.
തന്റെ പേര് പി വി അന്‍വര്‍ എന്നായതുകൊണ്ടാണ് വര്‍ഗീയ വാദിയാക്കുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. മതവിശ്വാസിയായതുകൊണ്ട് ആരും വര്‍ഗീയ വാദിയാകില്ലെന്നും അന്‍വര്‍ പറഞ്ഞു. 50 പേര്‍ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നിന്നായി വന്‍ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമ്മേളനത്തിയവരിലുണ്ട്.