മലപ്പുറം: നിലമ്പൂര്‍ ചന്തക്കുന്നില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തെ കുറിച്ച് ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് പിവി അന്‍വര്‍ എംഎല്‍എ. തന്നെ പൂട്ടാന്‍ നോക്കാതെ സര്‍ക്കാര്‍ യുവാക്കളുടെ കാര്യം നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു വിപ്ലവമാകുമെന്ന് പറഞ്ഞിരുന്നു. ഇന്ന് ഞാന്‍ തീരുമാനിച്ചാല്‍ 25 പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിന് നഷ്ടമാകും. സിപിഐഎം വെല്ലുവിളിക്കാനുണ്ടോയെന്നും അന്‍വര്‍ ചോദിച്ചു.
ഫോണില്‍ വിളിച്ചിട്ട് പരിപാടിക്ക് വരണമെന്ന് പ്രാദേശിക നേതൃത്വത്തിലുള്ളവരോടോ നേതാക്കളോടോ ആവശ്യപ്പെട്ടിട്ടില്ല. ഒറ്റക്ക് പ്രസംഗിക്കുമെന്നാണ് പറഞ്ഞത്. ആരെയും പ്രതിസന്ധിയിലാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. തന്റെ മെക്കിട്ട് കേറിയാല്‍ വെറുതെയിരിക്കുമെന്ന് പ്രതീക്ഷിക്കണ്ട. തന്നെ പിന്തുണക്കുന്ന നിരവധി ആളുകളുണ്ട്. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന് പറഞ്ഞിട്ടില്ല. ജനം രാഷ്ട്രീയ പാര്‍ട്ടിയായാല്‍ താന്‍ മുന്നില്‍ നില്‍ക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. തനിക്ക് സ്വാര്‍ത്ഥ താല്‍പര്യമില്ല. അതിനാല്‍ ഭയവുമില്ല. ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്നതില്‍ നല്ല ബോധ്യമുണ്ട്. പിതാവിനെ കുത്തികൊന്ന് മകന്‍ ആത്മഹത്യ ചെയ്തുവെന്ന് പറയുന്നതുപോലെയാണ് മുഖ്യമന്ത്രി ചെയ്തത്. എന്താണെന്ന് ജനത്തിനറിയാം. മുഖ്യമന്ത്രിയുടെ തലയ്ക്ക് വെളിവില്ല. എന്തൊക്കയോ പറയുന്നുവെന്നും അന്‍വര്‍ വിമര്‍ശിച്ചു.
‘കേരളത്തിലെ യുവാക്കള്‍ അസ്വസ്ഥരാണ്. ജോലിയില്ലാതെ അലയുകയാണ്. സര്‍ക്കാര്‍ ഉത്തരം കൊടുത്തേ പറ്റൂ. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുറത്തേക്ക് ഒഴുകികൊണ്ടിരിക്കുകയാണ് യുവതലമുറ. എന്തെങ്കിലും പറഞ്ഞ് യാഥാര്‍ത്ഥ്യത്തെ മറികടക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. വസ്തുത അതല്ല. കേരളത്തിലെ യുവാക്കളില്‍ എല്ലാവര്‍ക്കും വിദേശത്ത് പോയി പഠിക്കാന്‍ കഴിയില്ല. പോകുന്ന കുട്ടികള്‍ പോലും വീട് പണയം വെച്ചാണ് പോകുന്നത്. രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ ഇതിലും വലിയ ഗതികേടിലേക്ക് പോകും. യുവാക്കള്‍ തന്നെ കേള്‍ക്കണം. സ്റ്റാര്‍ട്ട് അപ്പുകള്‍ ഇരട്ടിപ്പിക്കണം’, എന്നും അന്‍വര്‍ പറഞ്ഞു.