ശുചിത്വ കേരളം സുസ്ഥിരകേരളം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തില്‍ കൊട്ടാരക്കര എല്‍.ഐ.സി അങ്കണത്തില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനാകും. മന്ത്രിമാരായ എം.ബി. രാജേഷ്,കെ.ബി. ഗണേഷ് കുമാര്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ പങ്കെടുക്കും. കൊട്ടാരക്കര വികസന പദ്ധതിയുടെ ഭാഗമായ പുലമണ്‍ തോട് പുനരുജ്ജീവന പ്രഖ്യാപനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയാകും. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഹരിതസ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ് നിര്‍വഹിക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ഒക്ടോബര്‍ 2 ന് ആരംഭിച്ച് 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തില്‍ സമ്പൂര്‍ണ മാലിന്യമുക്ത കേരളം സാധ്യമാക്കാന്‍ കഴിയും വിധമാണ് ക്യാമ്പയിന്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒക്ടോബര്‍ 2 ന് സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനതലങ്ങളിലായി 1601 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനങ്ങള്‍ നടക്കും. സംസ്ഥാനത്തെ 203 പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെയും, 6 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കിയതിന്റെയും പ്രഖ്യാപനത്തോടൊപ്പം 26 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കും. 160 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള എല്ലാ വിദ്യാലയങ്ങളും ഒക്ടോബര്‍ 2-ന് ഹരിത വിദ്യാലയമായി പ്രഖ്യാപിക്കും. 22 കലാലയങ്ങളെ ഹരിത കലാലയമായി പ്രഖ്യാപിക്കും. കേരളത്തിലെ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള ഭൂരിഭാഗം ഓഫീസുകള്‍, ബാങ്കുകള്‍, ഓഫീസ് കോംപ്ലക്സുകള്‍ എന്നിവയെ ഹരിത സ്ഥാപനങ്ങളാക്കി മാറ്റിയതിന്റെ പ്രഖ്യാപനവും നടക്കും. മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധങ്ങളായ 257 അനുബന്ധ പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്യും.