Newsperseconds.com

മലപ്പുറത്തെ മുഴുവന്‍ ജനവിഭാഗങ്ങളെയും നിരന്തരമായി അധിക്ഷേപിക്കുന്നു; ജില്ലയെ പ്രശ്നവത്കരിക്കാനുള്ള ഗൂഢശ്രമങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പിന്മാറണം; കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി

Untitled 1

മലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉടനടി തിരുത്തല്‍ നടത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. സമാനതകളില്ലാത്ത സൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമായ മലപ്പുറം ജില്ലയെ പ്രശ്നവത്കരിക്കാനുള്ള ഗൂഢശ്രമങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ അടിയന്തരമായി പിന്മാറണമെന്നും മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു. ഒരു ജില്ലയിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും പത്രസമ്മേളനങ്ങളിലൂടെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. ഇത്തരം ദുഷ്ടശക്തികളെ നിയമവിധേയമായി കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വമാണ് ബന്ധപ്പെട്ടവര്‍ കാണിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തിന്റെയും അനധികൃത പണമിടപാടുകളുടെയും പേരില്‍ ജില്ലയെ ക്രൂശിക്കുകയാണ്. ജില്ലയിലേക്ക് നിയമിക്കപ്പെടുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ ഒരു ഭാഗത്ത് തീര്‍ത്തും അന്യായമായ രീതിയില്‍ ക്രിമിനല്‍ കേസുകളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഘര്‍ഷഭരിതമായി ജില്ലയായി മലപ്പുറത്തെ മാറ്റാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. ജില്ലയെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി ഉപയോഗപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിക്കുന്നത് എത്രമാത്രം മനഷ്യത്വ വിരുദ്ധമാണ്. ഇതിനെതിരെയും ജില്ലയുടെ മഹിതമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും ജാതി മത കക്ഷിരാഷ്ട്രീയത്തിന് അതീതമായി മുഴുവന്‍ ജനവിഭാഗങ്ങളും ഒന്നിച്ച് അണിനിരക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മലപ്പുറത്തെ കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ നടത്തിയത്. സര്‍ക്കാരിനും സിപിഎമ്മിനും എതിരെ ഭരണകക്ഷി എംഎല്‍എയായ പി വി അന്‍വറിന്റെ ആരോപണങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മലപ്പുറം വിവാദങ്ങളുടെ അടിസ്ഥാനം. കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി കള്ളക്കടത്തായി എത്തിച്ച സ്വര്‍ണത്തിന്റെ വലിയൊരു പങ്ക് പോലീസ് വെട്ടിച്ചെന്ന പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പ്രതിരോധമെന്നോണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമര്‍ശം. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 150 കിലോ കോടിയുടെ സ്വര്‍ണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറത്ത് നിന്ന് പൊലീസ് പിടികൂടിയെന്നും കടത്തിയ സ്വര്‍ണ്ണവും ഹവാലയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment