കൊച്ചി: ബലാത്സംഗ കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയതോടെ നടന്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും. തിരുവനന്തപുരത്തോ കൊച്ചിയിലോ ഹാജരാകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്. സാധാരണ അന്വേഷണസംഘം നോട്ടീസ് നല്‍കി വിളിപ്പിക്കുമെങ്കിലും സിദ്ദിഖ് അതിന് കാത്തിരിക്കില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് സിദ്ദിഖിന് ആശ്വാസമാകുന്ന തീരുമാനമെടുത്തത്. സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും വിചാരണക്കോടതി ജാമ്യം നല്‍കി വിട്ടയക്കണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരും അതിജീവിതയും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്.