തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖം പി ആര്‍ ഏജന്‍സി വഴിയാണെന്ന ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും പിന്നലെ പി ആര്‍ ഏജന്‍സികളെ പിന്തുണച്ച് മുന്‍ സ്പീക്കറും സിപിഐഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്‍. ആധുനിക സമൂഹത്തില്‍ പബ്ലിക് റിലേഷന്‍ ഒഴിവാക്കപ്പെടേണ്ടതാണെന്ന വാദത്തിന് എന്ത് അര്‍ത്ഥമാണുള്ളതെന്ന് ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ജനങ്ങളെ കൂടെ നിര്‍ത്താനാവശ്യമായ നിലപാടുകള്‍ ആവിഷ്‌കരിക്കാനും മറ്റും സഹായിക്കുന്ന ഏജന്‍സികളാണ് പി ആര്‍ ഏജന്‍സികളെന്നും അദ്ദേഹം കുറിച്ചു.
സോഷ്യല്‍ മീഡിയ മാനേജ്‌മെന്റിനായി സ്വന്തമായി കണ്ടന്റ് നിര്‍മ്മാണ ഫാക്ടറികള്‍ ഉണ്ടാക്കി ഗുജറാത്തില്‍ നിന്ന് തുടങ്ങി കേരളത്തില്‍ വരെ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ബി.ജെ.പി. ആ ബി.ജെ.പിയും കനഗോലുവിന്റെ രാഷ്ട്രീയ കുതന്ത്രത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സും ഇങ്ങനെ ആക്രോശിക്കുന്നത് കാണുമ്പോള്‍ കൗതുകം തോന്നുന്നുവെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
പി. ആര്‍. ഏജന്‍സികള്‍ രാജ്യദ്രോഹികളോ?
മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്റര്‍വ്യൂവിനായി പി. ആര്‍. ഏജന്‍സികള്‍ ഇടപെടുന്നു എന്ന പേരില്‍ നടത്തുന്ന കോലാഹലങ്ങള്‍ ആണല്ലോ ഇപ്പോള്‍ സജീവമായി നില്‍ക്കുന്നത്. ആ വിഷയത്തിന്റെ ശരിതെററുകളല്ല ഈ കുറിപ്പിന് ആധാരം. എന്നാല്‍ പി.ആര്‍ അഥവാ പബ്ലിക് റിലേഷന്‍ എന്നത് ആധുനിക സമൂഹത്തില്‍ ഒഴിവാക്കപ്പെടേണ്ടതാണെന്ന വാദത്തിന് എന്ത് അര്‍ത്ഥമാണുള്ളത്? ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമല്ലേ. സോഷ്യല്‍ മീഡിയ മാനേജ്‌മെന്റിനായി സ്വന്തമായി കണ്ടന്റ് നിര്‍മ്മാണ ഫാക്ടറികള്‍ ഉണ്ടാക്കി ഗുജറാത്തില്‍ നിന്ന് തുടങ്ങി കേരളത്തില്‍ വരെ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ബി.ജെ.പി. ആ ബി.ജെ.പിയും കനഗോലുവിന്റെ രാഷ്ട്രീയ കുതന്ത്രത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സും ഇങ്ങനെ ആക്രോശിക്കുന്നത് കാണുമ്പോള്‍ കൗതുകം തോന്നുന്നു.
അഭിപ്രായ രൂപീകരണത്തിന് അഥവാ ജനങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ വിവിധ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് വ്യക്തികളേയോ കമ്പനികളേയോ ഉപദേശിക്കുകയും സഹായിക്കുകയും ചെയ്യുന്ന, അതുപോലെ തന്നെ ജനങ്ങളെ കൂടെ നിര്‍ത്താനാവശ്യമായ നിലപാടുകള്‍ ആവിഷ്‌കരിക്കാനും മററും സഹായിക്കുന്ന ഏജന്‍സികളാണ് പി. ആര്‍ ഏജന്‍സികള്‍. ആധുനിക കാലത്ത് കമ്മ്യൂണിക്കേഷന്റേയും ടെക്‌നോളജിയുടേയും വളര്‍ച്ചയുടെ കാലത്ത് ലക്ഷക്കണക്കിന് വാര്‍ത്താ ശകലങ്ങള്‍ ശരിയായതും തെററായതും പ്രചരിപ്പിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട ആവശ്യം സമൂഹത്തിനാകെയുണ്ട്. ജനങ്ങളെ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നവര്‍ക്കെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് പബ്ലിക് ഒപീനിയന്‍ അഥവാ പൊതുജനാഭിപ്രായം. അതിന് ഏത് ചെകുത്താന്റെയും സഹായം ലഭ്യമായാല്‍ അത് തേടണം. തേടുകയും ചെയ്യും. അതില്‍ അമിതാശങ്ക പ്രകടിപ്പിക്കുന്നവര്‍ കൂപമണ്ഡൂകങ്ങളാണ് എന്ന് തന്നെ പറയേണ്ടി വരും.