മലപ്പുറം: വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമൊടുവില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. മഞ്ചേരിയില്‍ വെച്ചു നടക്കുന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിലാണ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവുക. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായിട്ടാണ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുക. പി വി അന്‍വര്‍ ഇന്നലെ രാത്രിയില്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡിഎംകെയുടെ നിരീക്ഷകര്‍ ഇന്ന് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ സമ്മേളന വേദിയില്‍ എത്തിയേക്കും. ഒരു ലക്ഷം ആളുകളെ ഇന്നത്തെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നാണ് പിവി അന്‍വര്‍ അറിയിച്ചിരിക്കുന്നത്.
ഇടതുമുന്നണിയോടിടഞ്ഞ് കഴിഞ്ഞ ദിവസമാണ് അന്‍വര്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളമുടനീളം മത്സരിക്കുമെന്നാണ് പ്രഖ്യാപനം. മാത്രമല്ല, യുവാക്കള്‍ ഒപ്പമുണ്ടാകുമെന്നാണ് അന്‍വറിന്റെ പ്രതീക്ഷ. മലപ്പുറത്തെ മുന്‍ എസ്പിപി സുജിത്ത് ദാസിന് നേരെയുയര്‍ത്തിയ മരം മുറി ആരോപണവും മാമി തിരോധാനവും പിന്നീട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്കും എഡിജിപിയിലേക്കും നീണ്ട ആരോപണങ്ങളും അന്‍വറിന് ഭരണപക്ഷത്തിനുമിടയില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. വൈകാതെ മുഖ്യമന്ത്രിക്കെതിരെയും അന്‍വര്‍ രംഗത്തെത്തിയതോടെ പിണറായി വിജയനും സിപിഐഎമ്മും അന്‍വറിനെ തള്ളി. ഇതോടെ ഇനി ഭരണപക്ഷത്തിന്റെ ഭാഗമായിരിക്കില്ലെന്നും മുന്നണിയുടെ ഭാഗമല്ലെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. ഇതോടെ നിലമ്പൂരില്‍ നടത്തിയ വിശദീകണയോഗത്തില്‍ അന്‍വറിനെ പിന്തുണച്ച് ആയിരങ്ങളെത്തി. വൈകാതെയായിരുന്നു പാര്‍ട്ടി പ്രഖ്യാപനവും.