മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി കാസര്‍കോട് ജില്ലാ കോടതി. സുരേന്ദ്രന് ഉള്‍പ്പെടെ കേസില്‍ പ്രതികളായ മുഴുവന്‍ ബിജെപി നേതാക്കളുടെയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. കെ സുരേന്ദ്രന് നല്കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കാസര്‍ക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
പ്രതികള്‍ നേരിട്ട് ഹാജരാകാന്‍ കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കേസ് കഴിഞ്ഞ തിങ്കളാഴ്ച ജില്ലാ സെഷന്‍സ് കോടതി കേസ് പരിഗണിച്ച ശേഷമാണ് വിധിപറയാന്‍ മാറ്റുകയായിരുന്നു. കേസ് നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിച്ചതുള്‍പ്പെടെയാണ് കേസില്‍ ആരോപിക്കപ്പെടുന്നത്. ഇതിന് കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നുമാണ് കേസില്‍ പറയുന്നുണ്ട്.