Newsperseconds.com

‘എട മോനെ, ഇത് വേറെ പാര്‍ട്ടിയാണ്..പോയി തരത്തില്‍ കളിക്ക്’;പി വി അന്‍വറിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ്

Untitled 1

കണ്ണൂര്‍: പി വി അന്‍വറിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മനോജിന്റെ പ്രതികരണം. എം വി രാഘവനുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞുകൊണ്ടാണ് മനോജിന്റെ കുറിപ്പ്.

എം വി ആറിന്റെ പൊതുയോഗങ്ങള്‍ കാണുന്ന ആര്‍ക്കും തോന്നുമായിരുന്നു, ഇനി സിപിഎം ഉണ്ടാകുമോ എന്ന്. ഒന്നും സംഭവിച്ചില്ല. എം വി ആറിന് സാധിക്കാത്തത് ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാന്‍ ആര്‍ക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്. പോയി തരത്തില്‍ കളിക്ക് എന്നായിരുന്നു മനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എണ്‍പതുകളുടെ തുടക്കത്തില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എം വി ആര്‍ ആയിരുന്നു. ബദല്‍ രേഖ വന്നപ്പോഴും എം വി ആറിനോട് ആരാധന തന്നെ. അന്ന് സമരത്തില്‍ പങ്കെടുത്ത് അടിയും കൊണ്ട് തെറിയും കേട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍ അവിടെ ജലക്ഷാമം രൂക്ഷം. എം വി ആര്‍ ജയിലില്‍ എത്തി. ഞങ്ങളോട് വ്യക്തിപരമായ അന്വേഷണങ്ങള്‍. മുറിവുകള്‍ തൊട്ട് നോക്കി ആശ്വാസ വാക്കുകള്‍. ചികിത്സ നല്‍കാന്‍ ജയില്‍ സൂപ്രണ്ടിന് കഠിന നിര്‍ദേശം. അഞ്ചരക്കണ്ടിയില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍ ഉഗ്രശാസന..!

ഞങ്ങള്‍ ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ എം വി ആറിന്റെ പുതിയ പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ നടക്കുന്നു. നാടാകെ യോഗങ്ങള്‍. ഓരോന്നിലും വന്‍ ജനാവലി. അന്ന് ചാനലുകള്‍ ഇല്ല. പത്രങ്ങള്‍ വിധിയെഴുതി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തീര്‍ന്നു!എം വി ആറിന്റെ പൊതുയോഗങ്ങള്‍ കാണുന്ന ആര്‍ക്കും തോന്നുമായിരുന്നു. ഇനി സി പി ഐ എം ഉണ്ടാകുമോ എന്ന്.

ഒന്നും സംഭവിച്ചില്ല. 1987 ല്‍ വന്‍ ഭൂരിപക്ഷം നേടി എല്‍ ഡി എഫ് വന്നു. എം വി ആറിന്റെ പാര്‍ട്ടി സഭയിലെ ഏകാംഗ കക്ഷിയായി. എം വി ആറിന് സാധിക്കാത്തത് ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാന്‍ ആര്‍ക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എട മോനെ, ഇത് വേറെ പാര്‍ട്ടിയാണ്.പോയി തരത്തില്‍ കളിക്ക്!

Share this Article

Leave a Comment