കോഴിക്കോട്: തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് കാളിയാംപുഴയിലേക്ക് മറിയുകയായിരുന്നു.
45 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. കാളിയാംപുഴയില്‍ തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. സംഭവത്തില്‍ അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി.
മരിച്ച രണ്ടുപേരും സ്ത്രീകളാണെന്നാണ് വിവരം. 25 പേര്‍ക്കാണ് ആകെ പരുക്കേറ്റിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. 22 പേരെ മുക്കത്തെ മൂന്ന് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.