ന്യൂഡല്‍ഹി: ഹിസ്ബ്-ഉത്-തഹ്റിര്‍ (എച്ച്.യു.ടി.) രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തീവ്രവാദ സംഘടനയെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം നിരോധിച്ചത് പ്രശംസനീയമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്മേനോന്‍. എച്ച്യുടി ലക്ഷ്യമിടുന്നത് ജിഹാദിലൂടെയും തീവ്രവാദത്തിലൂടെയും ഭാരതത്തെ ഇസ്ലാമിക് രാഷ്ട്രമാക്കാനാണെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന സംഘടനയാണിത്. ഭീകരതയുടെ ശക്തികളെ കൈകാര്യം ചെയ്ത് ഭാരതം സുരക്ഷിതമാക്കാന്‍ മോദി സര്‍ക്കാര്‍ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ജെറുസലേമില്‍ രൂപം കൊണ്ട എച്ച്.യു.ടി ലോകത്തെമ്പാടും വേരുകളുള്ള സംഘടനയായി തീരുകയാണ്. അതിനിടയിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം കേന്ദ്രം നിരോധിച്ചത്. വിവിധ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഉള്‍പെടുന്ന ഈ സംഘടനയെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) ഒന്നാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയതെന്നും ഡോ.രാജീവ്മേനോന്‍ കൂട്ടിച്ചേര്‍ത്തു.
എച്ച്.യു.ടി രാജ്യത്തെ യുവാക്കളെ അപകടകരമാം വിധം സ്വാധീനിച്ച് ഐസിസ് പോലെയുള്ള തീവ്രവാദ സംഘടനകളില്‍ അംഗങ്ങളാകാന്‍ പ്രേരിപ്പിക്കുന്നുണ്ട്. തീവ്രവാദ സംഘടനകള്‍ക്കായി എച്ച്.യു.ടി. അനധികൃതമായി പണം സമ്പാദിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ തീരുമാനം. തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുകളെടുക്കണമെന്നും ഇത്തരം സംഘടനകളെ വേരോടെ പിഴുത് എറിയണമെന്നും ഡോ.രാജീവ്മേനോന്‍ ചൂണ്ടിക്കാട്ടി. എച്ച്.യു.ടി.യുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചിതില് നിന്നും ഈ സംഘടന ഇന്ത്യയുടെ പരമാധികാരത്തെയും രാജ്യസുരക്ഷയേയുമടക്കം ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എച്ച്.യു.ടി. പ്രവര്‍ത്തനം നിരോധിച്ചതില്‍ രാജ്യം സുരക്ഷിതമായെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു.