ന്യൂഡല്‍ഹി: മദ്രസകളുടെ പ്രവര്‍ത്തനരീതിയില്‍ ആശങ്കകള്‍ പ്രകടിപ്പിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (NCPCR). മദ്രസകള്‍ വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കില്‍ അവയ്ക്കുള്ള സംസ്ഥാന ധനസഹായം നിര്‍ത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും ശനിയാഴ്ച ഉത്തരവിറക്കി. ‘വിശ്വാസത്തിന്റെ സംരക്ഷകരോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ?’ എന്ന തലക്കെട്ടിലുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് എന്‍സിപിസിആര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
മദ്രസകളുടെ പ്രാഥമിക ലക്ഷ്യം മതവിദ്യാഭ്യാസമാണെങ്കിലും, ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവശ്യ ഘടകങ്ങളായ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലനം ലഭിച്ച അധ്യാപകര്‍, ശരിയായ അക്കാദമിക പാഠ്യപദ്ധതികള്‍ എന്നിവ പല മദ്രാസുകളും നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (RTE) പരിധിക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന മതസ്ഥാപനങ്ങള്‍ പ്രതികൂലമായ പ്രത്യാഘാതമുണ്ടാക്കി. മദ്രസകളെ ആര്‍ടിഇ നിയമത്തില്‍ നിന്ന് ഒഴിവാക്കിയത് ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നഷ്ടപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്രസകളിലെ കുട്ടികളോടുള്ള വിവേചനത്തിനും വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെടുത്തുന്നതിനുമുള്ള കാരണമായെന്നാണ് എന്‍സിപിസിആര്‍ റിപ്പോര്‍ട്ടിലെ വാദം. 1.2 കോടി മുസ്ലീം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.