വിജയദശമി ദിനത്തില്‍ അക്ഷരലോകത്തിലേക്ക് ചുവടുവെച്ച് കുരുന്നുകള്‍. ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയില്‍ ചൂണ്ടുവിരല്‍കൊണ്ട് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് ഇന്ന്. വിവിധ ക്ഷേത്രങ്ങളിലായി നിരവധി കുട്ടികളാണ് ഇന്ന് വിദ്യാരംഭം കുറിക്കുന്നത്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ ഇന്ന് നടക്കുകയാണ്.
കുട്ടികള്‍ക്ക് രണ്ടരയ്ക്കും മൂന്നര വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളില്‍ പ്രഭാതത്തില്‍ ആണ് വിദ്യാരംഭം നടത്താറുള്ളത്. സാധാരണയായി വിദ്യാ ഭഗവതിയായ സരസ്വതിയേ പ്രാര്‍ഥിച്ച ശേഷം ‘ഓം ഹരിഃ ശ്രീ ഗണപതയേ നമഃ’ എന്ന് എഴുതിയാണ് വിദ്യാരംഭം നടത്താറുള്ളത്. മറ്റുള്ളവര്‍ ഭഗവതിക്ക് മുന്‍പില്‍ പൂജ വെച്ച തങ്ങളുടെ തൊഴില്‍ വസ്തുക്കള്‍ എടുത്തു ഉപയോഗിച്ച് തുടങ്ങുന്നു. മഹാക്ഷേത്രമായ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലെ വിദ്യാരംഭം അതി പ്രസിദ്ധമാണ്. ധാരാളം മലയാളികളാണ് ഇതില്‍ പങ്കെടുക്കുന്നത്. മൂകാംബികയില്‍ വര്‍ഷം മുഴുവന്‍ വിദ്യാരംഭം നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. മാതാപിതാക്കള്‍ കുട്ടികളെ പ്രധാനമായും ക്ഷേത്രങ്ങളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്. ഇന്ന് ലൈബ്രറികള്‍, സ്‌കൂളുകള്‍, മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും വിദ്യാരംഭം നടക്കാറുണ്ട്. മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഈ ചടങ്ങ് നടത്താറുണ്ട്. എന്നിരുന്നാലും സരസ്വതി സാന്നിധ്യത്താല്‍ ദേവി ക്ഷേത്രങ്ങളിലാണ് വിദ്യാരംഭം ഏറെ പ്രധാനം എന്നാണ് വിശ്വാസം.