തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങള്‍ ചോദിക്കുന്നുവെന്ന് ടി സിദ്ദിഖ് എംഎല്‍എ. വയനാട് പുനരധിവാസത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിതരെ കേന്ദ്രം സഹായിക്കുന്നില്ല എന്നതില്‍ ദുഖമുണ്ടെന്നും ദുരന്തത്തില്‍ പെട്ടവരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തത്തില്‍ ഇരയായവര്‍ക്കായുള്ള എല്ലാ സഹായങ്ങളും ഉടനെ പൂര്‍ത്തിയാക്കണം. പുനരധിവാസത്തില്‍ തുടക്കത്തിലുള്ള ആവേശമൊന്നും ഇപ്പോള്‍ കാണുന്നില്ല. മന്ദഗതിയിലാണ് എല്ലാം പോകുന്നത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പുനരധിവാസത്തിന് ഉടന്‍ സ്ഥലം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേവലം കോണ്‍ക്രീറ്റ് ഭവനം അല്ല പുനരധിവാസമെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാട് ദുരന്തത്തില്‍ സ്വീകരിച്ച നടപടികള്‍ക്ക് നന്ദി പറഞ്ഞ എംഎല്‍എ എല്ലാവരും കൂട്ടായി നിന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും കൂട്ടിച്ചേര്‍ത്തു.