തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടുകളെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന പൂർത്തിയായി. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂർ പിന്നിട്ട് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്. ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഇഡി മുൻ ബാങ്ക് പ്രസിഡൻ്റ് ഭാസുരാംഗന്റെ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭാസുരാങ്കൻ ബാങ്ക് പ്രസിഡൻ്റായിരുന്ന രണ്ട് പതിറ്റാണ്ട് കാലത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പഴയ രേഖകൾ നശിപ്പിച്ച് പകരം പുതിയ രേഖകൾ വ്യാജമായി ചമച്ചതായും ആരോപണമുണ്ട്. ചട്ടവിരുദ്ധമായി നൽകിയ വായ്പകളുടെ രേഖകൾ നശിപ്പിച്ചുവെന്നും സൂചനയുണ്ട്. ആരോപണ വിധേയരായ ഭാസുരാംഗനും മകൻ അഖിൽജിത്തും ഇഡി കസ്റ്റഡിയിൽ തുടരുകയാണ്.
ഇഡി ചോദ്യം ചെയ്യലിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം നേരിട്ട ഭാസുരാംഗൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും കസ്റ്റഡിയിൽ അന്തിമ തീരുമാനമുണ്ടാകും. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ ഭാസുരാംഗൻ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ കണ്ടെത്തിയത്. നിലവിൽ കണ്ടല സർവീസ് സഹകരണ ബാങ്കിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്.