പാലക്കാട് വാണിയംപാറയില്‍ നടന്ന അപകടത്തില്‍ ഖേദം പ്രകടിപ്പിച്ച് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര് ശ്രീകണ്ഠന് നായര്‍. വാണിയംപാറയില്‍ രണ്ട് കുട്ടികളുടെ മരണത്തിന് കാരണമായത് ട്വന്റിഫോര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍. അപകടത്തില്‍ വടക്കഞ്ചേരി സ്വദേശികളായ മുഹമ്മദ് റോഷന് (14) , മുഹമ്മദ് ഇസാം ഇഖ്ബാല്‍ (15) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പള്ളിയില്‍ നിസ്കരിച്ച് മടങ്ങുമ്പോഴാണ് അപകടം നടന്നത്. പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ് സംഭവിച്ചതെന്നും അപകടത്തില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര് ശ്രീകണ്ഠന് നായര്‍ പറഞ്ഞു. രണ്ട് കുടുംബങ്ങള്‍ക്കുമൊപ്പം എന്നും ട്വന്റിഫോര്‍ ഉണ്ടാകുമെന്നും ശ്രീകണ്ഠന് നായര്‍ അറിയിച്ചു.സംഭവത്തില്‍ നിയമനടപടികള്‍ തുടരുകയാണ്. പറഞ്ഞു തീര്‍ക്കാനാകാത്ത ദുഃഖമാണ് ഈ സംഭവം മൂലമുണ്ടായതെന്ന് ശ്രീകണ്ഠന് നായര്‍ പറഞ്ഞു. അപകടം മനപൂര്‍വമായിരുന്നില്ല. തികച്ചും അവിചാരിതമായാണ് അപകടമുണ്ടായത്. നമ്മെ വിട്ടു പോയ ഈ രണ്ടു കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ശ്രീകണ്ഠന് നായര്‍ കൂട്ടിച്ചേര്‍ത്തു.