ന്യൂഡല്‍ഹി: പീഡനക്കേസില്‍ നടന്‍ സിദ്ദീഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. ലോകപ്രശസ്തമായ പല കേസുകളിലും വൈകിയാണ് ഇരയാകപ്പെട്ടവര്‍ പരാതി നല്‍കിയതെന്ന് കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗികപീഡനക്കേസ് രജിസ്റ്റര്‍ചെയ്തത് 21 വര്‍ഷത്തിനുശേഷമാണെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.
ട്രംപിനെതിരെയുള്ള കേസ് 1996ല്‍ നടന്നതാണെങ്കിലും പരാതി നല്‍കിയത് 2017ലാണ്. കൂടാതെ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റെയിനെതിരേയുള്ള കേസും ഇതിലുണ്ട്. കുടുംബത്തിന്റെ സത്പേര് കളങ്കപ്പെടുമെന്നതുള്‍പ്പെടെ വിവിധകാരണങ്ങള്‍കൊണ്ടാണ് ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീപീഡനക്കേസുകള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ വൈകുന്നത്. പരാതിനല്‍കാന്‍ വൈകി എന്നതുകൊണ്ടുമാത്രം കേസ് തള്ളിക്കളയരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവനടിയെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് സിദ്ദിഖിനെതിരെയുള്ള കേസ്. സിദ്ദിഖിന് അറസ്റ്റില്‍നിന്ന് ഇടക്കാലസംരക്ഷണം സുപ്രീംകോടതി നല്‍കിയിരുന്നു. 2016 ജനുവരി 28-ന് നടന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ വൈകിയത് ചൂണ്ടിക്കാണിച്ചായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചത്.