കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഏകദേശം പുലര്‍ച്ചെ നാലരക്കും അഞ്ചരക്കും ഇടയിലാണ് മരണം സംഭവിച്ചിരിക്കുക എന്നാണ് റിപ്പോര്‍ട്ട്. അവസാനമായി 4.58ന് നവീന്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയച്ചിരുന്നു. ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറായിരുന്നു അയച്ചത്. എന്നാല്‍ നവീന്റെ മരണ വിവരം പുറത്തുവന്നതിന് ശേഷമാണ് ഇരുവരും സന്ദേശം കണ്ടത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു.