വ്യവസായ സാമൂഹിക-സാംസ്‌കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന് കേരളത്തിന്റെ സ്‌നേഹാദരവ്. മനുഷ്യസ്നേഹത്തിന്റെയും എളിമയുടേയും പ്രതീകമായ വ്യവസായ സാമ്രാട്ടിന് 80ന്റെ നിറവില്‍ കോഴിക്കോട് സംഘടിപ്പിച്ച ‘സുകൃതപഥം’ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു. നാടിന്റെ മനസ്സറിയുന്ന നന്മയുള്ള മനുഷ്യനാണ് ഗോകുലം ഗോപാലന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
എണ്‍പതിന്റെ നിറവിലും തന്റെ കര്‍മ്മമണ്ഡലത്തില്‍ അമ്പത്തിയഞ്ച് വര്‍ഷം പിന്നിടുകയാണ് ഗോകുലം ഗോപാലന്‍. തൊട്ടതെല്ലാം പൊന്നാക്കി ജൈത്രയാത്ര തുടരുമ്പോള്‍ ഗോപാലേട്ടന്‍ എല്ലാവരുടേയും മനസ്സും കീഴടക്കുകയാണ്. കേവലം ലാഭം ഉണ്ടാക്കാനുള്ള ഉപാധി എന്നതിനപ്പുറം മറ്റുള്ളവരെ സംരക്ഷിക്കാനുള്ള ഉപാധി കൂടിയാണ് ഗോകുലം ഗോപാലന് ബിസിനസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിതര്‍ക്ക് 25 വീടുകള്‍ പ്രഖ്യാപിച്ച ആ വലിയ മനസ്സ് തന്നെയാണ് അദ്ദേഹത്തിന്റെ വലിയ പ്രത്യേകത എന്നും മുഖ്യമന്ത്രി പറഞ്ഞു. കൈവെച്ച മേഖലകളിലെല്ലാം വിജയകിരീടമണിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ ചെറിയ നിലയില്‍ നിന്നും വിജയങ്ങളുടെ ഉന്നത സോപാനങ്ങളിലേക്കു എത്തിച്ചേര്‍ന്നിട്ടും സ്‌നേഹവും ലാളിത്യവും മുഖമുദ്രയാക്കിയ അദ്ദേഹത്തിന്റെ ജീവിതം മാതൃകാപരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഗോകുലം ഗോപാലന് ആദരപത്രം സമര്‍പ്പിച്ചു. കഠിനാധ്വാനം, സമര്‍പ്പണ മനോഭാവം, വിനയം എന്നിവ സമന്വയിച്ച വ്യക്തിത്വമാണ് ഗോകുലം ഗോപാലനെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അടക്കമുള്ള പ്രമുഖ സംബന്ധിച്ചു. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് ഗോകുലം ഗോപാലന് കേരളത്തിന്റെ ആദരവ് ഏറ്റുവാങ്ങിയത്.