2022-23 വര്‍ഷത്തെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ഈ മാസം 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ മന്ത്രി ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. സംസ്ഥാനതലത്തില്‍ വിദഗ്ധസമിതി തിരഞ്ഞെടുത്ത ഏറ്റവും മികച്ച യൂണിറ്റുകള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും വോളന്റിയര്‍മാര്‍ക്കും സര്‍വ്വകലാശാലകള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കുമാണ് മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ക്യാമ്പസുകളുടെ കാവലാളുകള്‍ ആവാന്‍ ഈ സന്നദ്ധസംഘത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അറുനൂറിലധികം സ്‌നേഹഭവനങ്ങള്‍, ആസാദ് സേനയടക്കം ലഹരിക്കെതിരായ കര്‍മ്മപരിപാടികള്‍, മാലിന്യനിര്‍മ്മാര്‍ജ്ജന സംരംഭങ്ങള്‍, ചെറു മാന്തോപ്പ് പദ്ധതി, സ്‌നേഹാരാമങ്ങള്‍, അയ്യായിരത്തിലധികം മെഡിക്കല്‍ ക്യാമ്പുകള്‍ സ്‌കൂള്‍ ദത്തെടുക്കല്‍, സൈബര്‍ സുരക്ഷാപദ്ധതികള്‍, സംസ്ഥാനത്ത് ഉടനീളമുള്ള പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കുള്ള ആദരസമര്‍പ്പണമാണ് പുരസ്‌കാരങ്ങളെന്നും മന്ത്രി ആര്‍ ബിന്ദു അറിയിച്ചു .
തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍, വി കെ പ്രശാന്ത് എംഎല്‍എ, എംപിമാരായ ശശിതരൂര്‍, എ എ റഹീം, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാകും.