തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്ഗോപിക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 279,34 വകുപ്പുകള്‍, മോട്ടോര്‍ വാഹന നിയമം 179, 184, 188, 192 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സിപിഐ നേതാവ് അഡ്വ. സുമേഷ് നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപിക്കു പുറമെ, അഭിജിത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ആള്‍ക്കൂട്ടത്തിനിടയില്‍ കൂടെ അതിവേഗത്തില്‍ മനുഷ്യജീവന് ഹാനി വരാന്‍ സാധ്യതയുള്ള തരത്തില്‍ ആംബുലന്‍സ് സഞ്ചരിച്ചു. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സ് ദുരുപയോഗം ചെയ്തുവെന്നുമാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
നേരത്തെ തൃശൂര്‍ സ്വദേശിയായ അഭിഭാഷകന് നല്കിയ പരാതിയില്‍ അന്വേഷണം നടത്തിവരികയായിരുന്നു. സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ടു പരാതികളാണുള്ളത്. ഇതില്‍ ഒരെണ്ണം പൊലീസും മറ്റൊന്ന് മോട്ടോര്‍ വാഹന വകുപ്പുമാണ് അന്വേഷിച്ചു വരുന്നത്.