Newsperseconds.com

തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹം; ജില്ലാഭരണകൂടം മുന്നണികളുടെ താല്‍പര്യത്തിന് വഴങ്ങി; എന്‍ഡിഎയുടെ നിരന്തരശ്രമം ഫലം കണ്ടു; സി. കൃഷ്ണകുമാര്‍

Untitled 1

പാലക്കാട്: കല്‍പാത്തി രഥോത്സവത്തിന്റെ ഒന്നാം തേര് ദിവസത്തില്‍ നടത്താനിരുന്ന തെരഞ്ഞെടുപ്പ് 20-ാം തിയ്യതിയിലേക്ക് മാറ്റിയതിനെ സ്വാഗതം ചെയ്യുന്നതായി എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. വിജ്ഞാപനം വന്ന ദിവസം തന്നെ ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് 20 ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയിരുന്നു. ബിജെപി കേന്ദ്ര നേതാക്കളും ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു.

ഒന്നാം തേര് ദിവസം തെരഞ്ഞെടുപ്പ് നടന്നാല്‍ ആയിരക്കണക്കിന് ഗ്രാമനിവാസികള്‍ക്ക് സുഗമമായി വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് ബിജെപി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ജില്ലാ ഭരണകൂടം നല്‍കിയ റിപ്പോര്‍ട്ട് മറിച്ചായിരുന്നു. ഒന്നാംതേര് ദിവസം തെരഞ്ഞെടുപ്പ് നടത്തുന്നതിന് അസൗകര്യമില്ലെന്നും മൂന്നാം തേരിനാണ് പ്രാധാന്യമെന്നുമായിരുന്നു അവര്‍ വിശദീകരിച്ചത്. എന്നാല്‍ ഇത്തരമൊരു വിശദീകരണത്തിന് പിന്നില്‍ ഇരുമുന്നണികളുടെയും ഗൂഢാലോചനയുണ്ടെന്ന് കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി.

ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള ബൂത്തുകളാണ് കല്‍പാത്തിയിലും പരിസര പ്രദേശങ്ങളിലുമുള്ളത്. നഗരസഭ കൗണ്‍സിലര്‍മാരില്‍ പത്തില്‍ ഒമ്പതുപേരും ബിജെപി പ്രതിനിധികളാണ്. ബിജെപി വോട്ട് പോള്‍ ചെയ്യാതിരിക്കുവാനായി ജില്ലാഭരണകൂടവും ഇരുമുന്നണികളും ചേര്‍ന്നുനടത്തിയ ഗൂഢാലോചനയാണ് ഒന്നാംതേര് ദിവസംതന്നെ വോട്ടെടുപ്പ് നടത്താമെന്ന കളക്ടറുടെ റിപ്പോര്‍ട്ടിന് പിന്നില്‍. എന്നാല്‍, ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് തീയതി 20 ലേക്ക് മാറ്റിയത്. അതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് കല്‍പാത്തി രഥോത്സവം ആസ്വദിക്കുവാനുള്ള അവസരം ഒരുങ്ങുമെന്ന് മാത്രമല്ല, വോട്ടര്‍മാര്‍ക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുവാനുള്ള അവസരം ഉണ്ടാകുമെന്നും സ്വാഗതാര്‍ഹമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

Share this Article

Leave a Comment