പറവൂര്‍: പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്തുവെന്ന് ആരോപണവിധേയനായ വിദ്യാര്‍ഥി സ്‌കൂളിലെത്തിയതില്‍ പ്രതിഷേധിച്ച് മറ്റു കുട്ടികള്‍ പഠിപ്പുമുടക്കി. കോട്ടുവള്ളി പഞ്ചായത്തുപരിധിയിലെ സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് രണ്ടരമാസംമുമ്പ് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ ആറ് എസ്എസ്എല്‍സി വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇതില്‍
അഞ്ചുപേര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ പഠനം തുടര്‍ന്നപ്പോള്‍ ഒരാള്‍ പോകാന്‍ തയ്യാറായില്ല.
സ്‌കൂള്‍ അധികൃതരും പിടിഎ ഭാരവാഹികളും ഇടപെട്ടെങ്കിലും ഇവിടെത്തന്നെ പഠനം പൂര്‍ത്തിയാക്കുമെന്ന നിലപാടില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ഉറച്ചുനിന്നു. പ്രധാനാധ്യാപിക, സ്‌കൂള്‍ എന്നിവരെ പ്രതികളാക്കി ഹൈക്കോടതിയില്‍ കേസും നല്‍കി. കോടതി നിയോഗിച്ച അഭിഭാഷകരുടെ സാന്നിധ്യത്തില്‍ പലവട്ടം മധ്യസ്ഥചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആരോപണവിധേയനായ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് മാറ്റി ചേര്‍ത്തില്ലെന്ന് രക്ഷിതാക്കള്‍ നിലപാടെടുത്തതോടെ അധികൃതര്‍ പ്രതിസന്ധിയിലായി.
തിങ്കള്‍ രാവിലെ 9.30നുതന്നെ ആരോപണവിധേയനായ വിദ്യാര്‍ഥി ക്ലാസിലെത്തിയതോടെ ബാക്കി കുട്ടികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് പുറത്തിറങ്ങി മുദ്രാവാക്യം മുഴക്കി. ഹൈസ്‌കൂള്‍ ക്ലാസുകളിലെ മറ്റു കുട്ടികളും പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ഒപ്പംകൂടി. സ്‌കൂള്‍ കവാടത്തിനുസമീപം കുത്തിയിരുന്ന് കുട്ടികള്‍ മുദ്രാവാക്യം വിളിച്ചു. ചിലരുടെ രക്ഷിതാക്കളും സ്ഥലത്തെത്തി. ഒടുവില്‍ 12.30ന് ആരോപണവിധേയന്‍ വീട്ടിലേക്ക് തിരിച്ചുപോയതിനു ശേഷമാണ് കുട്ടികള്‍ ക്ലാസില്‍ കയറിയത്.