Newsperseconds.com

‘ശോഭാസുരേന്ദ്രന്‍ ഒരിക്കലെങ്കിലും ഗോകുലം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനുള്ള മനസ്സ് കാണിക്കണം’; ഗോകുലം ഗോപാലനെതിരെയുള്ള പരാമര്‍ശത്തില്‍ വീണ്ടും രൂക്ഷവിമര്‍ശനം; ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീനാരായണ പ്രവര്‍ത്തകന്‍ ആര്‍.സി രാജീവ്ദാസ്

Untitled 1

പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെതിരെ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ വീണ്ടും ഫേസ്ബുക്കിലൂടെ രൂക്ഷവിമര്‍ശനമുന്നയിച്ച് ശ്രീനാരായണ പ്രവര്‍ത്തകന്‍ ആര്‍.സി രാജീവ്ദാസ്. ഗോകുലം ഗോപാലന്‍ എന്ന വ്യക്തിയെ തിരിച്ചറിയണമെങ്കില്‍ ഒരു ദിവസമെങ്കിലും
ഗോകുലം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനുള്ള മനസ്സ് കാണിക്കണമെന്നും അദ്ദേഹത്തെ എന്തിന്റെ പേരിലാണ് കരിവാരി തേക്കാന്‍ ശ്രമിക്കുന്നതും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പട്ടിണി പാവങ്ങള്‍ക്കും ആരോരുമില്ലാതെ ഗുരുതരമായ രോഗത്തിന് അടിമപ്പെട്ടവര്‍ക്കുമെല്ലാം അദ്ദേഹം തണലേകുന്നത് വാക്കുകള്‍ക്കതീതമാണ്. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരാളായിട്ടാണ് ഗോകുലം ഗോപാലന്‍ ഇന്നു വരെ ജീവിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം’ -നാം നമ്മുടെ സ്വന്തം സുഖത്തിനു വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി ഗുണകരമാകണമെന്ന ഗുരുദേവന്റെ മഹത് സന്ദേശത്ത മുറുകപ്പിടിച്ച് ജീവിക്കുന്ന ഗോകുലം ഗോപാലന്‍ സാറിനെ കുറേക്കൂടി അടുത്ത് മനസ്സിലാക്കാന്‍ ഗുരുദേവന്‍ എനിയ്ക്ക് തന്ന അവസരമാകാം എന്റെ അമ്മയുടെ ചികിത്സയുമായി ഗോകുലം മെഡിക്കല്‍ കോളേജില്‍ എത്തിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം അനാവശ്യ പരാമര്‍ശങ്ങള്‍ ഉന്നയിച്ച് വിവാദ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍ ഒരിക്കലെങ്കിലും ഗോകുലം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനുള്ള മനസ്സ് കാണിക്കണം. എങ്കില്‍ മാത്രമേ ഗോകുലം ഗോപാലന്‍ സര്‍ എന്ന വലിയ മനുഷ്യനെ നമുക്ക് ശരിയായ രീതിയില്‍ പഠിക്കാന്‍ കഴിയുകയുള്ളു. ദൂരെ നിന്ന് മാത്രമേ ഞാന്‍ ഗോകുലം മെഡിക്കല്‍ കോളേജിനെ കണ്ടിട്ടുണ്ടായിരുന്നുള്ളു. എന്നാല്‍ ദൈവം എന്റെ ജീവിതത്തില്‍ ഒക്ടോബര്‍ മാസം നടത്തിയ വിധിയുടെ വിളയാട്ടത്തില്‍ എന്റെ അമ്മയ്ക്കുണ്ടായ സ്‌ട്രോക്ക് ജീവിതത്തില്‍ പുതിയ അനുഭവങ്ങളാണ് സമ്മാനിച്ചത്.

ഗോകുലം ഗോപാലന്‍ സാറിലെ വലിയ മനസ്സ് എന്താണന്ന് വ്യക്തമാക്കി തരുന്നതാണ് ഗോകുലം മെഡിക്കല്‍ കോളേജിനുള്ളില്‍ ഞാന്‍ കണ്ട ‘പാലിയേറ്റീവ് കെയര്‍ ‘ സംവിധാനം. നൂറില്‍ അധികം വരുന്ന വൃദ്ധരായ ആളുകളാണ് പാലിയേറ്റീവ് കെയറില്‍ ഉള്ളത്. പല സ്വഭാവത്തിലുള്ള വൃദ്ധരായ അച്ഛന്മാരും അമ്മമാരെയുമാണ് പാലിയേറ്റ് കെയറില്‍ താമസിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷേ ഇത്രയും അധികം ആളുകളെ ഗോകുലം സാര്‍ സംരക്ഷിക്കുന്ന രീതിയാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. സ്വന്തം മാതാപിതാക്കളെ എങ്ങനെയാണോ നമ്മള്‍ പരിചരിക്കുന്നത് അതിനേക്കാള്‍ മികച്ച രീതിയിലാണ് ഇവിടുത്തെ അന്തേവാസികളെ പരിപാലിക്കുന്നത്. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗത്ത് നിന്നും പല തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും ചികിത്സയ്ക്കായും മറ്റും ഗോകുലം മെഡിക്കല്‍ കോളേജില്‍ എത്തിച്ചവരാണ് പാലിയേറ്റീവ് കെയറിലെ അന്തേവാസികള്‍ ഏറെയും.

ആരോരുമില്ലാതെ ഗുരുതരമായ രോഗത്തിന് അടിമപ്പെട്ടവരും മാനസിക സമ്മര്‍ദ്ദത്തിന്
അടിമപ്പെട്ടവരും ഒപ്പം സാമ്പത്തിക ദുരിതം അനുഭവിക്കുന്ന കുടുംബത്തില്‍പ്പെട്ട കിടപ്പ് രോഗികള്‍ക്കും ആശ്വാസം നല്‍കുന്നതാണ് ഇവിടെത്തെ അന്തേവാസികളുടെ മന്ദിരം.. ഗോപാലന്‍ സര്‍ മെഡിക്കല്‍ കോളേജിനുള്ളില്‍ത്തന്നെ ഇത്തരം ഒരു സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് കൂടുതലായി ആര്‍ക്കും അറിയില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കെയര്‍ടേക്കറുമാര്‍ ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേക കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന ആരോഗ്യപരിപാലന വിദഗ്ധരുടെ ഒരു ടീമാണ് വൃദ്ധസദനത്തിലെ അന്തേവാസികളെ പരിചരിക്കാന്‍ ഗോപാലന്‍ സര്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്.

ഒരു വൃദ്ധസദനമായിട്ടല്ല ഗോകുലം സാര്‍ ഇതിനെ ക്രമീകരിച്ചത്. എല്ലാ സംവിധാനവുമുള്ള ആധുനിക പാലിയേറ്റീവ് കെയറാക്കി മാറ്റിയാണ് പ്രായമായവരെയും ഓട്ടിസം ബാധിച്ചവരെയും സംരക്ഷിക്കുന്നത്. ജീവിതാവസാനത്തോട് അടുക്കുന്ന രോഗികള്‍ക്ക് നല്‍കുന്ന ഒരു പ്രത്യേക സാന്ത്വന പരിചരണമാണ് ഗോകുലം മെഡിക്കല്‍ കോളേജില്‍ ഗോകുലം സര്‍ ഒരുക്കിയിട്ടുള്ളത്. അസുഖം ഭേദമാക്കാന്‍ പറ്റാത്തവര്‍ക്ക് ആശ്വാസവും പിന്തുണയും നല്‍കുന്നതിനും അന്തേവാസികളെ പാര്‍പ്പിച്ചിരിക്കുന്നിടത്ത് വേണ്ട ക്രമീകരണങ്ങള്‍ ഉണ്ടെന്നതും എടുത്ത് പറയേണ്ട പ്രത്യേകതയാണ്. കൂടാതെ വൈകാരിക പിന്തുണയും കൗണ്‍സിലിംഗും ആത്മീയ മാര്‍ഗനിര്‍ദേശവും നല്‍കുന്നതിനും ഇവിടെ സംവിധാനമുണ്ട്. അന്തേവാസികള്‍ക്ക് ഭക്ഷണത്തിനും താമസ സൗകര്യങ്ങള്‍ക്കും പുറമേ മരുന്നുകള്‍, ഫിസിക്കല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി കൂടാതെ പലതരത്തിലുള്ള ആക്ടിവിറ്റീസുകളും ഉണ്ടെന്നതാണ് ഈ കേന്ദ്രത്തിലെ എടുത്ത് പറയേണ്ട പ്രത്യേകത.

പാട്ട് പാടുന്നവരും കഥ പറയുന്നവരും പ്രസംഗിക്കുന്നവരും നൃത്തം ചെയ്യുന്നവരും അന്തേവാസികളുടെ കൂട്ടത്തിലുണ്ട്. ഇവരുടെ കഴിവുകള്‍ക്ക് പിന്തുണ നല്‍കുന്ന രീതിയിലാണ് ഒരോ ദിവസത്തെയും ക്രമീകരിച്ചിരിക്കുന്നത്. ഉച്ചഭക്ഷണത്തിന് മുമ്പാണ് പാട്ടും കഥ പറച്ചിലും പഴയകാല ഓര്‍മ്മകള്‍ പങ്ക് വെയ്ക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. അന്തേവാസികളെ കുളിപ്പിക്കാനും ഭക്ഷണം വാരി കൊടുക്കാനും പ്രത്യേകം ആളുകളുണ്ടന്നെതാണ് എനിയ്ക്ക് തോന്നിയ മറ്റൊരു പ്രത്യേകത. നാട്ടില്‍ അനാഥമന്ദിരം തുടങ്ങി വലിയ പബ്ലിസിറ്റി കൊടുക്കുന്ന കാലഘട്ടത്തിലാണ് ഗോകുലം ഗോപാലന്‍ സാര്‍ വ്യത്യസ്തനാകുന്നത്. ഗോകുലം ഗോപാലന്‍ സാറിനെ നിരന്തരം വേട്ടയാടുന്ന ശോഭാ സുരേന്ദ്രന്‍ ഒരിക്കലെങ്കിലും ഈ വൃദ്ധമന്ദിരം സന്ദര്‍ശിക്കണമെന്നാണ് എന്റെ അഭിപ്രായം. വലിയ വ്യവസായി ആയ ഈ മനുഷ്യനെ മനസ്സിലാക്കാനും വായിച്ചെടുക്കാനും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് ഒന്നും വേണ്ട. ഗോകുലം മെഡിക്കല്‍ കോളേജിനുള്ളിലെ മൈനസ് ത്രീ ഫ്‌ളോറിലെ വൃദ്ധസദനം സന്ദര്‍ശിച്ചാല്‍ മാത്രം മതി.. ദിനംപ്രതി ലക്ഷങ്ങള്‍ ചിലവിട്ടാല്‍ മാത്രമേ ഇത്തരത്തിലുള്ള ഒരു പാലിയേറ്റീവ് കെയര്‍ സംവിധാനത്തോട് കൂടിയ വൃദ്ധസദനം മികച്ച രീതിയില്‍ നടത്തി കൊണ്ട് പോകാന്‍ കഴിയുകയുള്ളു. ശോഭാ സുരേന്ദന്‍ നിങ്ങള്‍ ഇനിയെങ്കിലും ഈ പാവം മനുഷ്യനെ മറ്റുള്ളവരുടെ മുമ്പില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും ഈ അനാഥരെ ഒന്ന് നേരിട്ട് കാണാന്‍ ശ്രമിക്കണം …സഹായിക്കണ്ട ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്ത് കൂടെ….

സാന്ത്വന പരിചരണം ജീവിതവ്രതമാക്കിയ ഗോകുലം ഗോപാലന്‍ സാറിന് ഗുരുദേവ കടാക്ഷം ഇനിയും കൂടുതല്‍ കൂടുതല്‍ ഉണ്ടാകാനും സാധാരണ ജനങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കാനും നമുക്ക് പ്രാര്‍ത്ഥിക്കാം…ഗുരു ചരണം ശരണം

Share this Article

Leave a Comment