ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടറോട് കയര്‍ത്തുവെന്ന പരാതിയില്‍ വൈസ് ചെയര്‍മാനെ മാത്രം പ്രതിയാക്കിയത് ന്യായീകരിക്കാനാവില്ലെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. ആശുപത്രി സംരക്ഷണനിയമത്തിന്റെ ദുരുപയോഗം തടയാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാധ്യക്ഷയും വൈസ് ചെയര്‍മാനും സ്ഥിരംസമിതിയംഗവും ഇടപെട്ട വിഷയത്തില്‍ ഇവരില്‍ രണ്ടുപേരെ ഒഴിവാക്കി സി.പി.ഐ. പ്രതിനിധിയായ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈനെതിരേ മാത്രം കേസെടുത്തിരുന്നു. ആശുപത്രി സംരക്ഷണനിയമ ദുരുപയോഗത്തിനെതിരേയും പോലീസ് പക്ഷപാതത്തിനെതിരേയും സി.പി.ഐ. ആലപ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് പേരെ ഒഴിവാക്കി ഒരാളെ മാത്രം പ്രതിയാക്കിയത് ന്യായീകരിക്കാനാവില്ല.സംഭവം നടന്ന ദിവസമല്ല, പിറ്റേ ദിവസമാണ് ഡോക്ടര്‍ പരാതി നല്‍കിയത്. ജനറല്‍ ആശുപത്രി സ്റ്റാഫില്‍നിന്നു മാത്രമല്ല അവിടെയുണ്ടായിരുന്ന രോഗികളില്‍നിന്നും മൊഴിയെടുക്കണമായിരുന്നു. പൊതുപ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന നടപടിയാണ് നഗരസഭാധ്യക്ഷയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ തീഷ്ണമായ അനുഭവങ്ങളുമായി മുന്നോട്ട് പോകുന്നവരാണ്. ഈ വിഷയത്തില്‍ ജില്ലയിലെ എം.എല്‍.എ.മാരും മന്ത്രിമാരും കൃത്യമായി ഇടപെട്ടിട്ടുണ്ട്.
എന്നാല്‍, ചെയര്‍പേഴ്‌സണ്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തത് പല തെറ്റിദ്ധാരണകള്‍ക്കും വഴി വെക്കുന്നുണ്ട്. വൈസ് ചെയര്‍മാനെതിരേ മൊഴികൊടുത്തിട്ടുള്ള ജീവനക്കാര്‍ ആശുപത്രിയില്‍ ഉണ്ടാകാം. എന്നാല്‍, പൊലീസ് അന്വേഷണം സുതാര്യമല്ല. ഡോക്ടര്‍മാര്‍ അധികാരം ദുരുപയോഗം ചെയ്താല്‍ ആരോഗ്യകേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ മുടക്കുന്ന പണം സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യില്ല. ആരോഗ്യകേന്ദ്രങ്ങളിലെത്തുന്ന ജനങ്ങള്‍ക്ക് കൃത്യമായി ചികിത്സ ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടത് ജനപ്രതിനിധികളുടെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നഗരസഭ വൈസ് ചെയര്‍മാനെ പോലീസ് അറസ്റ്റ് ചെയ്തത്. നഗരസഭയുടെ വിശ്രമകേന്ദ്രത്തില്‍ വച്ച് ഒരു സംഘം മര്‍ദിച്ച താല്‍കാലിക ജീവനക്കാരെ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രശ്‌നമുണ്ടായത്. പരുക്കേറ്റ ജീവനക്കാര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ മതിയായ ചികില്‍സ നല്‍കിയില്ലെന്ന് ആരോപിച്ച് വൈസ് ചെയര്‍മാനും ഭരണകക്ഷി കൗണ്‍സിലര്‍മാരും ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.