ചേലക്കര: ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നും 25 ലക്ഷം രൂപ പിടികൂടി. നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പരിശോധന നടക്കുകയാണ്. ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ചെറുതുരുത്തിയില്‍ നിന്നാണ് രേഖകളില്ലാതെ കാറില്‍ കടത്തിയ പണം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്. കൊള്ളപ്പുള്ളി സ്വദേശികളില്‍ നിന്ന് പൊലീസാണ് പണം പിടിച്ചെടുത്തത്. പണത്തെ സംബന്ധിച്ച് മതിയായ രേഖകള്‍ ഇല്ലെന്ന് ഇന്‍കം ടാക്‌സും അറിയിച്ചു.
എന്നാല്‍, ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാണിതെന്നാണ് വാദം. കൃത്യമായ രേഖകളുണ്ടെന്നും ഇവര്‍ പ്രതികരിച്ചു. പണത്തിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്. കണക്കില്‍പ്പെടാത്ത പണം വ്യാപകമായി കൊണ്ടുവരുന്നുവെന്ന പരാതിക്കിടയിലാണ് പണം പിടിച്ചെടുത്തിരിക്കുന്നത്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കള്ളപ്പണ കടത്ത് ആരോപണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അനധികൃത പണം കയ്യോടെ പിടികൂടുന്നത് ഇതാദ്യമാണ്.