മുംബൈ: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ മകളുടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകള്‍ക്കൊപ്പം മുംബൈയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.
എംടി പത്മയുടെ ജനനം കണ്ണൂരിലാണെങ്കിലും പൊതുപ്രവര്‍ത്തനമെല്ലാം കോഴിക്കോടായിരുന്നു. ലോ കോളേജില്‍ പഠിക്കുന്ന സമയത്ത് കെഎസ് യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം തിളച്ചു മറിയുന്ന കാലത്ത് കെഎസ്‌യു ഉപാധ്യക്ഷയായിരുന്നു.
1982 ലാണ് കെ.കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം നാദാപുരത്ത് മത്സരിച്ചത്. രണ്ടായിരത്തിമുന്നൂറോളം വോട്ടിന് അവിടെ പരാജയപ്പെട്ടെങ്കിലും 1987 ലും 91 ലും കൊയിലാണ്ടിയില്‍ നിന്നും എംടി പത്മ നിയമസഭയിലേക്ക് ജയിച്ചു കയറി. 91 ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്- ഗ്രാമവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1999 ല്‍ പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എം.ടി പത്മ.