തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ പിണറായി സര്‍ക്കാറിനെയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കി സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ഇപി ജയരാജന്‍ രംഗത്ത്. ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റ് ജീവിതം’ എന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉള്ളത്. പല അപ്രിയസത്യങ്ങളുടെയും തുറന്നു പറച്ചിലുകളുമായി ഇപി ജയരാജന്റെ പുസ്തകം സര്‍ക്കാറിനെയും പാര്‍ട്ടിയേയും വെട്ടിലാക്കുകയാണ്.
രണ്ടാം പിണറായി സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ലെന്നും ഒന്നാം പിണറായി സര്‍ക്കാരിനെക്കുറിച്ചുള്ള മികച്ച അഭിപ്രായം രണ്ടാം പിണറായി സര്‍ക്കാരിനില്ലെന്നും പുസ്തകത്തില്‍ വിമര്‍ശിച്ചു. സംഘടനാപരമായും രാഷ്ട്രീയപരമായും തിരുത്തലുകള്‍ വേണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയോ എന്ന് സംശയമുണ്ടെന്നും ഇ പി ജയരാജന്‍ പറയുന്നു. ഇത് കൂടാതെ പാലക്കാട്ടെ സ്ഥാനാര്‍ത്ഥി പി സരിനെതിരെയും ജയരാജന്‍ ആഞ്ഞടിച്ചു. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി തുറന്നടിച്ചു. സരിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെയെന്നും ഇ പി പറയുന്നുണ്ട്. അന്‍വറിന്റെ പിന്നില്‍ തീവ്രവാദ ശക്തികളാണെന്നും ഇ പി എഴുതുന്നുണ്ട്. വോട്ടെടുപ്പ് ദിനത്തലാണ് ഇപിയുടെ വിമര്‍ശനം പുറത്തുവരുന്നത്. വിധിയെഴുത്ത് ദിനത്തില്‍ ആത്മകഥ ബോംബുമായാണ് ഇപി ജയരാജന്റെ രംഗപ്രവേശനം.
വിവാദ ദല്ലാള്‍ വിഷയത്തിലും ഇ പി തുറന്നെഴുതുന്നുണ്ട്. ദേശാഭിമാനി പത്രം സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് പത്രവും ബോണ്ടും വാങ്ങിയത് പാര്‍ട്ടി നിര്‍ദേശം മൂലമായിരുന്നുവെന്നും ഇ പി എഴുതുന്നുണ്ട്. ഇ പി ജയരാജന്‍ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആത്മകഥയില്‍ വിശദീകരിക്കുന്നുണ്ട്. ദേശാഭിമാനി ബോണ്ട് വിവാദം, ഭൂമി ഇടപാട്, റിസോര്‍ട്ട് വിവാദം, ബന്ധു നിയമന വിവാദം തുടങ്ങി വിവാദങ്ങള്‍ ഇ പി നേരിട്ടിരുന്നു. പാര്‍ട്ടി തന്നെ മനസ്സിലാക്കിയിട്ടില്ല. ശോഭാ സുരേന്ദ്രനെ കണ്ടത് ഒരു പ്രാവശ്യം മാത്രമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത് പാര്‍ട്ടി തന്നെ കേള്‍ക്കാതെയാണെന്നും ഇപി എഴുതുന്നു. തനിക്കെതിരെ തീരുമാനം എടുക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണ് എന്നിരിക്കെ, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം അണികള്‍ക്കിടയില്‍ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ഇപി തുറന്നെഴുതുന്നു. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പാകെ ചര്‍ച്ചയാക്കിയതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇപി എഴുതുന്നു. എല്ലാം തുറന്നടിച്ചാണ് ഇപിയുടെ പുസ്തകം പുറത്തുവന്നിരിക്കുന്നത്. സിപിഎം രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന അപ്രിയ സത്യങ്ങളുടെ ഘോഷയാത്ര ആയിരിക്കും ആത്മകഥയെന്നതില്‍ സംശയമില്ല.