കൊച്ചി: ഒരു പതിറ്റാണ്ടിലേറെയുള്ള നിയമപോരാട്ടത്തിനൊടുവില്‍ തപാല്‍വകുപ്പിന് നീതി. തപാല്‍ വകുപ്പ് കോഴിക്കോട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മേരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെ വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. നീണ്ട വര്‍ഷക്കാലത്തെ പോരാട്ടത്തിനൊടുവില്‍ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.
വഖഫ് ബോര്‍ഡിന്റെ പരാതിയനുസരിച്ചാണ് പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്. 2000 ഏപ്രില്‍ 30 ന് കോഴിക്കോട് വെളളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറിയുമായി ഉണ്ടാക്കിയ പാട്ടക്കരാറിന്റെ അടിസ്ഥാനത്തിലാണ് വഖഫ് ഭൂമിയില്‍ തപാല്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. കരാര്‍ പുതുക്കി നല്‍കുകയും ചെയ്തു. പിന്നീട് ഷോപ്പിങ് ക്ലോംപ്ലക്‌സ് നിര്‍മാണത്തിന്റെ ഭാഗമായി ഓര്‍ഫനേജിന്റെ ഉടമസ്ഥതയില്‍ തന്നെയുള്ള മറ്റൊരു കെട്ടിടത്തിലേക്ക് തപാല്‍ ഓഫീസ് മാറ്റി. കെട്ടിടത്തിന്റെ സുരക്ഷയ്ക്കായി പുതിയ ഗ്രില്‍ സ്ഥാപിക്കാമെന്നും ഉറപ്പുനല്‍കിയെങ്കിലും 2014 വരെ ഒന്നും ചെയ്തില്ല. അതിനാല്‍ പുതിയ കരാറില്‍ ഒപ്പിടാന്‍ തപാല്‍വകുപ്പും തയ്യാറായില്ല.
പിന്നീട് 2014 നു ശേഷം ഓര്‍ഫനേജ് കമ്മിറ്റി വാടക സ്വീകരിക്കാന്‍ തയ്യാറായില്ല. പാട്ടക്കരാര്‍ റദ്ദാക്കിയെന്നും കെട്ടിടം കൈമാറണമെന്നുമാവശ്യപ്പെട്ട് തപാല്‍ വകുപ്പിന് നോട്ടീസും നല്‍കി. ഈ ആവശ്യം ഉന്നയിച്ച് കോഴിക്കോട് വഖഫ് ട്രിബ്യൂണലില്‍ സ്യൂട്ടും ഫയല്‍ ചെയ്തു. അതേ സമയം, തപാല്‍ വകുപ്പ് കൈയ്യേറ്റക്കാരാണെന്ന് കാണിച്ച് വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കി. പിന്നാലെ തപാല്‍ വകുപ്പിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് കോഴിക്കോട് വഖഫ് ട്രിബ്യൂണലില്‍ 2017-ല്‍ വഖഫ് ബോര്‍ഡ് അപേക്ഷനല്‍കി. അപേക്ഷയില്‍ സ്ഥലം 45 ദിവസത്തിനകം ഒഴിയണമെന്ന് വഖഫ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. മേരിക്കുന്ന് പോസ്റ്റോഫീസ് മാറ്റാന്‍ കെട്ടിടം കണ്ടെത്തുന്നതിനായി തപാല്‍ വകുപ്പ് ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചെങ്കിലും അനുയോജ്യമായ സൗകര്യം ലഭിച്ചില്ല. പിന്നാലെ തപാല്‍ വകുപ്പ് വഖഫ് ഭൂമി കൈവശപ്പെടുത്തിയെന്നുകാട്ടി ജീവനക്കാരെ പ്രതികളാക്കി വഖഫ് ബോര്‍ഡ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.
2013 ലാണ് വഖഫ് ഭേദഗതി നിയമം നിലവില്‍ വന്നത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റല്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസെടുക്കുകയായിരുന്നു. കോഴിക്കോട് കോടതിയില്‍ കേസിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെ, പ്രതിചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം അനുസരിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം നിലവില്‍ വന്ന കാലവും പോസ്റ്റല്‍ ഓഫീസ് സ്ഥാപിക്കപ്പെട്ട കാലവും തമ്മിലെ അന്തരം പരിഗണിച്ചാണ് നടപടി. നിരവധി തവണ വഖഫ് നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ ഭേദഗതികളിലൂടെയാണ് വഖഫ് ബോര്‍ഡിന് അനിയന്ത്രിതമായ അധികാരങ്ങള്‍ വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നല്‍കിയത്. ഏറ്റവും ഒടുവിലായി മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ അവസാനകാലത്ത് 2013 ലാണ് വഖഫ് സ്വത്ത് അറിഞ്ഞോ അറിയാതെയോ കൈവശം വയ്ക്കുന്നവരെ ശിക്ഷിക്കാനുള്ള വകുപ്പ് 52 എ ഉള്‍പ്പെടുത്തിയത്. ഈ വകുപ്പനുസരിച്ചാണ് വഖഫ് ബോര്‍ഡ് പോസ്റ്റല്‍ അധികൃതര്‍ക്കെതിരെ കേസ് നല്‍കിയത്. 1999 മുതല്‍ ഈ പോസ്റ്റ് ഓഫീസ് അവിടെ പ്രവര്‍ത്തിച്ചിരുന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. സമാന സ്വഭാവമുള്ള കേസിന്റെ ഉത്തരവില്‍ 2023 ല്‍ കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആ ഉത്തരവ് കൂടി പരിഗണിച്ചാണ് വഖഫ് ഭൂമിയിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്.