കൊച്ചി: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പ് ആറ് മണിയോടെ അവസാനിച്ചു. വയനാട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ് പോളിങ്. 63 ശതമാനമാണ് വയനാട്ടില്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ചേലക്കരയിലെ പലബൂത്തുകളിലും ആറ് മണി കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ നീണ്ട നിര ഉണ്ടായതോടെ ടോക്കണ്‍ നല്‍കി. ചേലക്കരയില്‍ എഴുപത് ശതമാനത്തിലധികമാണ് പോളിങ്.
ചേലക്കരയിലെ പോളിങ് മൂന്ന് മുന്നണികള്‍ക്കും വിജയ പ്രതീക്ഷ നല്‍കുന്നു. വയനാട്ടിലെ പോളിങ് കുറവ് ആണെങ്കിലും വിജയത്തെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. വയനാട്ടില്‍ ഗ്രാമപ്രദേശങ്ങളില്‍ ബൂത്തുകളില്‍ രാവിലെ തിരക്ക് അനുഭവപ്പെട്ടെങ്കിലും നഗര പ്രദേശങ്ങളിലെ തിരക്ക് കുറവായിരുന്നു. സ്ഥാനാര്‍ഥികളായ പ്രിയങ്ക ഗാന്ധി, സത്യന്‍ മൊകേരി, നവ്യ ഹരിദാസ് എന്നിവര്‍ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ചു.
ചേലക്കര മണ്ഡലത്തില്‍ 6-ഉം വയനാട്ടില്‍ 16-ഉം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ചേലക്കരയില്‍ ആകെ 2,13,103 വോട്ടര്‍മാരാണ് ഉള്ളത്. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്.