കോഴിക്കോട്: ചൂതാട്ട മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. കോഴിക്കോട് താമരശ്ശേരിയിലെ ലോട്ടറിക്കട ജീവനക്കാരനായ അനന്തു കൃഷ്ണനാണ് ബുധനാഴ്ച ആത്മഹത്യ ചെയ്തത്. അനന്തുവിന് എഴുത്ത് ലോട്ടറി ചൂതാട്ട മാഫിയയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായാണ് സംശയം. പണം കൊടുക്കാനുണ്ടെന്ന പേരില്‍ അനന്തു നിരന്തരം ഭീഷണി നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചു. സുഹൃത്തുക്കളോട് അനന്തു ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്ന് പറഞ്ഞിരുന്നതായും പരാതിയില്‍ പറയുന്നു.
അനന്തുവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ‘അമ്മ എന്നോട് ക്ഷമിക്കണം. അച്ഛാ എല്ലാവരെയും നോക്കണെ. ഇവിടെ ജീവിക്കാന്‍ ആവുന്നില്ല. മറ്റൊരു ജന്മത്തില്‍ നമുക്ക് എല്ലാവര്‍ക്കും ജീവിക്കാം’ എന്നാണ് കുറിപ്പിലുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.