പാലക്കാട്: കോണ്‍ഗ്രസ് സ്വീകരണ വേദിയില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് സന്ദീപ് വാര്യര്‍. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും അഭിപ്രായം പറയാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത പാര്‍ട്ടിയാണെന്നും സന്ദീപ് തുറന്നടിച്ചു. തന്നെ മനസ്സിലാക്കാത്ത പാര്‍ട്ടിയില്‍ നിന്ന് താന്‍ സ്‌നേഹം പ്രതീക്ഷിച്ചു. വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയാണത്. പലഘട്ടത്തിലും സ്‌നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് ആഞ്ഞടിച്ചു.
ബിജെപിയില്‍ ഏകാധിപത്യപരമായ രീതിയാണ് ഉള്ളത്. സ്വന്തം അഭിപ്രായം പറയാന്‍ പോലുമുള്ള സ്വാതന്ത്രമില്ല. ഉപാധികളില്ലാതെ സ്‌നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ താന്‍ വിലക്ക് നേരിട്ടിട്ടുണ്ട്. വ്യക്തി ബന്ധങ്ങളില്‍ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഒരു വര്‍ഷം ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയെന്നും സന്ദീപ് പറഞ്ഞു.
പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ വേണ്ടി സകല സാധ്യതകളും താന്‍ ഉപയോഗിച്ചു. എല്ലാം പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നിട്ടു കൂടിയും ബിജെപി തന്നെ ഒറ്റപ്പെടുത്തുകയും നിരന്തരം വേട്ടയാടുകയും ചെയ്തു. തന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമെന്ന് പറഞ്ഞ സന്ദീപ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ചു.