ആദ്യ ദിനത്തില്‍ സുഗമമായ ദര്‍ശനം സാധ്യമായി ഭക്തര്‍. 30,000 പേരാണ് നടതുറന്ന വെള്ളിയാഴ്ച ദര്‍ശനത്തിനായി വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതില്‍ 26,942 പേര്‍ ദര്‍ശനം നടത്തി. സ്പോട്ട് ബുക്കിങ് വഴി 1872 ഭക്തരും എത്തി. വി.ഐ.പി.കള്‍ ഉള്‍പ്പെടെ ആകെ 30,687 ഭക്തരാണ് വെള്ളിയാഴ്ച വൈകിട്ട് നടതുറന്ന ശേഷം നട അടക്കന്നത് വരെ ദര്‍ശനത്തിനെത്തിയത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നിധാനത്തെ വിവിധ വകുപ്പു മേധാവിമാരുടെ അവലോകന യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് ഒരു കുറവുമുണ്ടാകാത്ത രീതിയില്‍ ശബരിമലയിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സുഗമമായ തീര്‍ഥാടനമാണ് ലക്ഷ്യമിടുന്നത്. 70,000 പേര്‍ക്കാണ് വിര്‍ച്വല്‍ ക്യൂ വഴി ഒരു ദിവസം ദര്‍ശനം അനുവദിക്കുന്നത്. വിര്‍ച്വല്‍ ക്യൂവിന്റെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ വരും ദിവസങ്ങളിലെ സ്ഥിതിഗതികള്‍ കൂടി വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കൂ. വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ചയും സുഗമമായ രീതിയില്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താനായത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നൊരുക്കിയ മുന്നൊരുക്കങ്ങള്‍ ഫലപ്രദമായി എന്നതിന്റെ തെളിവാണ്. പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു മിനിറ്റില്‍ ശരാശരി 80 ഭക്തരെ വരെ പതിനെട്ടാംപടി കയറ്റാനായി. ഇത് വലിയ നടപ്പന്തലില്‍ ഭക്തര്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം കുറച്ചു.