Newsperseconds.com

അയല്‍ക്കൂട്ട ഇടപാടില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ വെള്ളാപ്പള്ളിയ്ക്കും മകനുമെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി ആര്‍ജ്ജവം കാണിക്കണം; തുഷാര്‍ വെള്ളാപ്പള്ളി പാലക്കാട് സിപിഎം നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ്

Untitled 1

കൊച്ചി: എന്‍ ഡി എ സംസ്ഥാന കണ്‍വീനര്‍ കൂടിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പ്രചാരണം സമാപിക്കുന്നതിന് തൊട്ടു മുന്‍പ് പാലക്കാട് സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് സ്വാമി ഭദ്രാനന്ദ്. തുഷാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയത് ബിജെപിയെ പിന്നില്‍ നിന്ന് കുത്താനാണെന്ന് സ്വാമി ഭദ്രാനന്ദ് ആരോപിച്ചു. പലപ്പോഴും ഒറ്റുകാരന്റെ റോള്‍ ആണ് തുഷാര്‍ വെള്ളാപ്പള്ളിയുടേത്. കെ. സുരേന്ദ്രനെതിരെ ആരോപണങ്ങള്‍ വന്നപ്പോഴും ഒടുവില്‍ സന്ദീപ് വാര്യര്‍ ബിജെപിക്കും സുരേന്ദ്രനുമെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോഴും തുഷാര്‍ വെള്ളാപ്പള്ളി അതൊക്കെ ആസ്വദിക്കുകയായിരുന്നു. എന്‍ഡിഎ കണ്‍വീനര്‍ എന്ന നിലയില്‍ ബിജെപിയെ സംരക്ഷിക്കാന്‍ ചുമതലയുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ മൗനം സംശയമുണര്‍ത്തുന്നതാണ്. പാലക്കാട് കൊട്ടിക്കലാശത്തിന് തൊട്ടുമുന്‍പ് സിപിഎം നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് തുഷാര്‍ വ്യക്തമാക്കണം. പരസ്യമായി ഒപ്പം നിന്ന് രഹസ്യമായി തുഷാര്‍ ബിജെപിയെ ചതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭ്രദ്രാനന്ദ്ജി.

കേരളത്തിലെ സന്യാസിമാര്‍ക്കും ക്രൈസ്തവ പുരോഹിതന്മാര്‍ക്കും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് പാണക്കാട് തങ്ങള്‍ക്കുള്ളതെന്ന് കോണ്‍ഗ്രസ് പറയണം. കോണ്‍ഗ്രസ് ആകണമെങ്കില്‍ പാണക്കാട് പോയി അനുഗ്രഹം വാങ്ങണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്തിനാണ് സന്ദീപ് വാര്യരെ പാണക്കാട്ടേക്ക് കൊണ്ടുപോയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നും സ്വാമി ഭദ്രാനന്ദ് ആഞ്ഞടിച്ചു. പുറമെ കാണിക്കുന്നില്ലെങ്കിലും സന്യാസിമാരോട് ആദരവും ബഹുമാനവും പുലര്‍ത്തുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണ ഗുരുദേവനോട് മുഖ്യമന്ത്രിക്ക് കാണിക്കാവുന്ന ഏറ്റവും വലിയ നീതിയും ആദരവും വെള്ളാപ്പള്ളി നടേശനും തുഷാറിനും എതിരായി നടപടിയെടുക്കുക എന്നതാണ്. കേരളത്തിലെ ആയിരക്കണക്കിന് വരുന്ന സ്ത്രീകളെയാണ് അയല്‍ക്കൂട്ട ഇടപാടിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. പോലീസ് ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടും സംസ്ഥാന ആഭ്യന്തര വകുപ്പ് അറിഞ്ഞ ഭാവം നടിക്കുന്നില്ലന്നും ഭദ്രാനന്ദ്ജി പറഞ്ഞു.

നെറികേടുകള്‍ മാത്രമാണ് രണ്ടു പേരും കാണിക്കുന്നത്. കേസുകളില്‍ നിന്നും തട്ടിപ്പുകളില്‍ നിന്നും വെള്ളാപ്പള്ളിയെയും മകനെയും സംരക്ഷിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. രണ്ടുപേരും ചേര്‍ന്ന് എസ് എന്‍ ഡി പി യോഗത്തെ തകര്‍ക്കുകയാണ്. ശ്രീനാരായണീയരെ വഞ്ചിക്കുന്ന ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പിണറായി തയാറാകണം. രാജ്യം കണ്ട ഏറ്റവും വലിയ ഭൂമി കുംഭകോണമാണ് വഖഫ് ഭൂമിയിടപാടുകള്‍. വെടക്കാക്കി തനിക്കാക്കുക എന്ന നിലപാടാണ് മുസ്ലിം ലീഗിന്റേത്. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് ലീഗ് സമവായ നീക്കം നടത്തുന്നത്. വഖഫ് ഭൂമി കൈവശമിരിക്കുകയും വേണം, എന്നാല്‍ സമാധാന ശ്രമങ്ങള്‍ നടത്തുന്നുവെന്ന് ബോധ്യപ്പെടുത്തുകയും വേണം എന്നതാണ് ലീഗ് നിലപാട്. കോണ്‍ഗ്രസ് ആകട്ടെ രണ്ടു വള്ളത്തില്‍ കാല്‍ ചവിട്ടി നില്‍ക്കുകയാണ്. ദേവസ്വം ഭൂമിയായാലും വഖഫ് ഭൂമിയായാലും ജനങ്ങള്‍ക്ക് ഉപകാരപ്പെടണം. മനുഷ്യനാണ് ഭൂമി വേണ്ടത്, ദൈവങ്ങള്‍ക്കല്ല. മതങ്ങളെയല്ല, മനുഷ്യത്വത്തെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനെയാണ് അനുസരിക്കേണ്ടത്, പിന്തുടരേണ്ടത്. വാവരുടെ പ്രതിനിധി നാളെ ശബരിമല വഖഫ് ഭൂമിയാണെന്ന് അവകാശമുന്നയിച്ചാല്‍ എന്ത് ചെയ്യും. വഖഫ് വിഷയം ഇപ്പോള്‍ വിവാദമാക്കിയതിന് പിന്നില്‍ നിരോധിത മതസംഘടനയാണ് ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും സ്വാമി ഭദ്രാനന്ദ് പറഞ്ഞു.

Share this Article

Leave a Comment