പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോസ്റ്റലിന് മുകളില്‍ നിന്ന് വീണ് മരിച്ച നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ പ്രതിഷേധം കടുപ്പിച്ച് കെഎസ്യു. ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്കു കെഎസ്യു നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. ഹോസ്റ്റലിന് മുകളില്‍ നിന്ന് വീണ് മരിച്ചതെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞ് അച്ഛന് സജീവ് രംഗത്തെത്തി.
അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അച്ഛന് സജീവ് പരാതി നല്‍കും.
കോളേജില്‍ നിന്ന് മകള്‍ക്ക് നിരന്തരമായി മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. നിരവധി തവണ കോളേജ് പ്രിന്‍സിപ്പലിനെ വിളിച്ചു. പകുതി കേള്‍ക്കുമ്പോള്‍ ഫോണ്‍ കട്ട് ചെയ്യും. ഫ്രൊഫ. എന്‍ അബ്ദുല്‍ സലാം തങ്ങളെ കേള്‍ക്കാന്‍ തയാറായില്ലെന്നും സജീവ് പറഞ്ഞു അലീന ,അഞ്ജന, അഷിത എന്നിവര്‍ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തു എന്നും സജീവ് ആരോപിച്ചിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായി അമ്മു വീട്ടില്‍ പറഞ്ഞുവെന്നും കുടുംബം പറഞ്ഞു.
ചുട്ടിപ്പാറ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്നും മാനസിക പീഡനമുണ്ടായെന്നും സഹോദരന് പറഞ്ഞിരുന്നു.