തിരുവനന്തപുരം: പത്തനംതിട്ടയില്‍ ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് വീണ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പൊലീസ്. അമ്മുവിനെ മാനസികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് കുടുംബം ആരോപിച്ച പെണ്‍കുട്ടികളെയാണ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കൊല്ലം പത്തനാപുരം സ്വദേശിനിയാണ് ഒരാള്‍. മറ്റ് രണ്ട് പേര്‍ കോട്ടയം സ്വദേശിനികളാണ്.
ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. എന്നാല്‍ തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞ് അച്ഛന്‍ സജീവ് രംഗത്തെത്തി. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
അതേസമയം, അമ്മു എഴുതിയതെന്ന് സംശയിക്കുന്ന ഡയറിക്കുറിപ്പ് പോലീസിന് ലഭിച്ചു. ‘ഐ ക്വിറ്റ്’ എന്ന് അമ്മു ഒരു പുസ്തകത്തില്‍ എഴുതിവെച്ച കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ആത്മഹത്യയാണെന്നുള്ള നിഗമനത്തിലെത്തിയത്. എന്നാല്‍ ആ കുറിപ്പ് അമ്മു എഴുതിയതാകില്ലെന്നും ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം ആരോപിച്ചു.