Newsperseconds.com

ശബരിമലയിൽ ഇന്ന് ചിത്തിര ആട്ട വിശേഷം; ഭക്തരെ സ്വീകരിക്കാനൊരുങ്ങി ശബരിമല

Untitled Design (7)

ശബരിമലയിൽ ഇന്ന് ചിത്തിര ആട്ട വിശേഷം. മണ്ഡലകാലത്തെ വരവേൽക്കാൻ ശബരിമല തയാറായിരിക്കെയാണ് ഇന്ന് ചിത്തിര ആട്ടവിശേഷം കൊണ്ടാടുന്നത്. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ശബരിമലയിൽ തുലാമാസത്തിലെ ചിത്തിര നാൾ ആ​ഘോഷിക്കുന്നത്.

ശബരിമലയുടെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചത് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമയാണ്. മണ്ഡലപൂജക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി അയ്യപ്പ നടയിൽ സമർപ്പിച്ചത് ശ്രീ ചിത്തിര തിരുനാളാണ്. ഈ തങ്ക അങ്കിയാണ് ആഘോഷപൂർവം സന്നിധാനത്തേക്ക് എത്തിച്ച് മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്നത്. തിരുവിതാംകൂറിലെ അവസാനത്തെ രാജാവും രാജപ്രമുഖനുമായിരുന്ന ശ്രീ ചിത്തിര തിരുനാൾ, മഹാരാജാവ് തൻ്റെ പിറന്നാൾ ദിവസമായ തുലാമാസത്തിലെ ചിത്തിര നക്ഷത്രത്തിൽ ശബരിമല ദർശനം നടത്തി വിശേഷാൽ പൂജകൾ നടത്തിയിരുന്നു. ശ്രീ ചിത്തിര തിരുനാളിൻ്റെ മരണശേഷവും ശബരിമലയിൽ ചിത്തിര ദിവസം പൂജകൾ നടന്നു വരുന്നു.

ഇന്നലെയാണ് ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നത്. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നട തുറന്ന് ഭഗവത് വിഗ്രഹത്തിന് മുന്നിലെ ദീപങ്ങൾ തെളിയിച്ചു. മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു.

ആട്ട ചിത്തിര ദിനമായ ഇന്ന് പുലർച്ചെ അഞ്ചിന് നട തുറന്നു. തുടർന്ന് നിർമാല്യത്തിനും അഭിഷേകത്തിനും ശേഷം കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമവും നടന്നു. 7.30 മുതൽ നെയ്യഭിഷേകം, അഭിഷേകം, അഷ്ടാഭിഷേകം, ഉഷപൂജ, ഉദയാസ്തമന പൂജ, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും നടക്കും. ഉച്ചപൂജക്ക് ശേഷം ഒരു മണിക്ക് നടയടക്കും. ഇന്ന് വെെകുന്നേരം അഞ്ചിന് നടതുറക്കും.

വെെകിട്ട് ദീപാരാധനയോട് അനുബന്ധിച്ചാണ് ആട്ട ചിത്തിര പൂജകൾ നടക്കുക. തുടർന്ന് പടിപൂജ, പുഷ്പാഭിഷേകം എന്നീ ചടങ്ങുകളും നടക്കും. ചടങ്ങുകൾക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാർമികത്വം വഹിക്കും. രാത്രി 10ന് ഹരിവരാസനം പാടി നട അടക്കും. മണ്ഡല മഹോത്സവത്തിനായി ഈ മാസം 16ന് നട തുറക്കും.

Share this Article

Leave a Comment