കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. നവീന്‍ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്കും പങ്കുണ്ടെന്ന ആരോപണത്തില്‍ ആദ്യ മൊഴിയെടുത്തിരുന്നു. എന്നാല്‍ വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തത്.
നവീന്‍ ബാബു യാത്രയയപ്പിനുശേഷം ചേമ്പറില്‍ എത്തി തെറ്റുപറ്റി എന്നു പറഞ്ഞിരുന്നതായി ആദ്യ മൊഴിയില്‍ ഉണ്ട്. എന്നാല്‍ എന്താണ് പറ്റിയ തെറ്റ്? ഏത് സാഹചര്യത്തിലാണ് കലക്ടറെ കണ്ടത്? തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് കലക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.
അതേസമയം, നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിപിഐഎമ്മും സര്‍ക്കാരും കുടുംബത്തിനൊപ്പമുണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നവീന്‍ ബാബുവിന്റെ മരണശേഷം അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചകള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കുടുംബം അക്കമിട്ട് വ്യക്തമാക്കിയിരുന്നു.