പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സ്വാഭാവികമായും ജനങ്ങള്‍ക്ക് വിഷമമുണ്ടാക്കുമെന്നും നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ വേറെ വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതുജനത്തിന് ബുദ്ധിമുട്ടാകാത്ത രീതിയിലാണ് നിരക്ക് വര്‍ദ്ധിപ്പിക്കുക. റെഗുലേറ്ററി കമ്മീഷന്‍ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷന്‍ ഉടന്‍ കെഎസ്ഇബിക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. അതിന് ശേഷം സര്‍ക്കാര്‍ നിരക്ക് വര്‍ദ്ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
അതേ സമയം, നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ആഭ്യന്തര ഉത്പാദനം കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 70 ശതമാനം വൈദ്യുതി സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്. ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേരളത്തില്‍ സാധ്യതകള്‍ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണമെന്ന കെഎസ്ഇബി ആവശ്യം മുന്നില്‍ നില്‍ക്കുമ്പോഴും വിവിധ മേഖലകളില്‍ സിറ്റിംഗ് നടത്തി പൊതുജന അഭിപ്രായങ്ങള്‍ കൂടി കേട്ട ശേഷമാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചത്. യൂണിറ്റിന് 10 പൈസ മുതല്‍ 20 പൈസ വരെ ഉയര്‍ത്താനാണ് ധാരണ. അതോടൊപ്പം വേനല്‍ക്കാലത്ത് അധിക താരിഫ് ഈടാക്കണമെന്ന പുതിയ നിര്‍ദ്ദേശവും കെ.എസ് ഇ.ബി മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ചര്‍ച്ചക്ക് ശേഷം തീരുമാനമുണ്ടാകും.
ഈ ആഴ്ച പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചാലും ഡിസംബര്‍ ഒന്നുമുതലുള്ള വൈദ്യുതി ഉപഭോഗത്തിന് പുതിയ ഉയര്‍ന്ന നിരക്ക് ഈടാക്കും. പ്രതിവര്‍ഷം രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം നേരിടുമെന്നെന്നാണ് കെഎസ്ഇബിയുടെ വാദം. പ്രതിസന്ധിയുണ്ടെങ്കിലും വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.