Newsperseconds.com

ആലപ്പുഴയില്‍ വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വന്‍ അപകടം; അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Untitled 1

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് വിവരം. ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ തല്‍ക്ഷണം മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ഒരാള്‍ ആശുപത്രിയില്‍ എത്തിയതിന് ശേഷവും മരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഫയര്‍ ഫോഴ്സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിലുള്ളവരെ പുറത്തെടുത്തത്. ഷെവര്‍ലെ ടവേര കാറിലാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്നത്.

വണ്ടാനം മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് മരിച്ചത്. ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), ദേവാനന്ദ്, മുഹമ്മദ് ജബ്ബാര്‍ (കണ്ണൂര്‍), ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അരമണിക്കൂറോളം സമയമെടുത്താണ് പരിക്കേറ്റവരെ പുറത്തേക്കെടുത്തത്. കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അതേ സമയം കാര്‍ അമിതവേഗതയിലായതും അപകടത്തിന് കാരണമായെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറില്‍ 12 പേരുണ്ടെന്നാണ് സൂചന. നിലവില്‍ 7 പേര്‍ ചികിത്സയിലാണ്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്ത് ഇരുന്നവര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

Share this Article

Leave a Comment