തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ സസ്പെന്‍ഷന്‍ ലഭിച്ച കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിന് ചാര്‍ജ് മെമ്മോ നല്‍കി. സസ്‌പെന്‍ഷനില്‍ ആയ ശേഷവും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനും വിമര്‍ശനമുണ്ട്. കുറ്റാരോപണ മെമ്മോ നല്‍കാത്തതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സസ്‌പെന്‍ഷന്‍ കഴിഞ്ഞ് 20 ലേറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചാര്‍ജ് മെമ്മോ സര്‍ക്കാര്‍ നല്‍കിയിട്ടില്ലായിരുന്നു. ചാര്‍ജ് മെമ്മോ നല്‍കിയാലേ മറുപടി നല്‍കാന്‍ പ്രശാന്തിന് സാധിക്കുകയുള്ളൂ. മറുപടി അനുസരിച്ച് സര്‍ക്കാരിന് തുടര്‍നടപടികളിലേക്ക് കടക്കാം. മാതൃഭൂമി പത്രത്തില്‍ തനിക്കെതിരെ വന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പ്രശാന്ത് ജയതിലകിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. പ്രശാന്തിനെതിരെ ഇതിനിടെ മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ എന്‍ പ്രശാന്തിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ചില മാധ്യമങ്ങള്‍ സംരക്ഷിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പ്രശാന്ത് ഐഎഎസ് കുറ്റപ്പെടുത്തിയിട്ടുണ്ടായിരുന്നു. തുടര്‍ന്ന് എന്‍ പ്രശാന്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കള്ളമാണെന്നുമുള്ള വിവരവും പുറത്തുവന്നിരുന്നു.