Newsperseconds.com

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും

Untitled 1

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്ഐഒ നേരത്തെ രേഖപ്പെടുത്തിയിരുന്നു. വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന് സിഎംആര്‍എല്‍ മാസപ്പടിയായി പണം നല്‍കിയെന്നാണ് ആരോപണം. സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്നാണ് സിഎംആര്‍എലിന്റെ വാദം. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്നും വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് ചന്ദ്രധാരി സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

അതേ സമയം, കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് എസ്എഫ്‌ഐഒ നല്‍കിയ മറുപടി സത്യവാങ്മൂലം. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയമായി പ്രൊസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കും. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പ്രൊസിക്യൂഷന്‍ ആവശ്യമാണോ എന്നതില്‍ തീരുമാനമെടുക്കാനാവൂ എന്നുമാണ് എസ്എഫ്‌ഐഒ ദില്ലി ഹൈക്കോടതിയെ അറിയിച്ചത്. പണം നല്‍കിയത് അന്വേഷിക്കാന്‍ ജനുവരി 31 നാണ് എസ്എഫ്‌ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. പണമിടപാടില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു എസ്എഫ്‌ഐഒയും അന്വേഷണം ആരംഭിച്ചത്.

Share this Article

Leave a Comment