കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ശ്രുതി ഇനി ജീവിതത്തില്‍ പുത്തന്‍ തുടക്കം കുറിക്കുകയാണ്. വീട്ടുക്കാരും വീടും പ്രിയതമനും നഷ്ടപ്പെട്ട ശ്രുതിക്ക് തണലായി സര്‍ക്കാര്‍ പുതിയ ജോലി നല്‍കിയിരിക്കുകയാണ്. റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് ജോലിയില്‍ ശ്രുതി ഇന്ന് പ്രവേശിച്ചു. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്ത് വയനാട് കളക്ടറേറ്റില്‍ തന്നെയാണ് നിയമനം. രാവിലെ 10ന് കളക്ടറേറ്റില്‍ എത്തി ജോലിയില്‍ പ്രവേശിക്കും. സര്‍ക്കാര്‍ ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. മുന്നോട്ടുപോയി ജീവിക്കാനുള്ള ഒരു കൈത്താങ്ങ് ആയതുകൊണ്ട് സന്തോഷമുണ്ട്. സര്‍ക്കാര്‍ വാക്ക് പാലിച്ചു. എല്ലാവരോടും നന്ദി പറയുകയാണെന്നും ശ്രുതി പറഞ്ഞു.
വയനാട് ഉരുള്‍പ്പൊട്ടലില്‍ ശ്രുതിക്ക് മാതാപിതാക്കളേയും സഹോദരിയേയും ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുകയായിരുന്നു. ചൂരല്‍മലയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ദുരന്തമുണ്ടായത്. പിന്നീട് കൂട്ടായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സണ്‍ വാഹനാപകടത്തില്‍ മരിച്ചതോടെ ശ്രുതി ഒറ്റക്കായി. അപകടത്തില്‍ ശ്രുതിക്ക് കാലിന് പരിക്കേറ്റിരുന്നു. ഏറെ നാളായി ശ്രുതി ചികിത്സയിലായിരുന്നു.