കൊച്ചി വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. മൂന്നര കോടിയിലധികം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് മലപ്പുറം സ്വദേശിയില്‍ നിന്ന് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നും തായ് എയര്‍വേയ്‌സില്‍ എത്തിയ മലപ്പുറം സ്വദേശിയായ ഉസ്മാനാണ് 12 കിലോ കഞ്ചാവ് ഭക്ഷണപാക്കറ്റുകളിലും മിഠായി പാക്കറ്റുകളിലുമായിട്ട് കടത്തിയത്.
സാധാരണ കഞ്ചാവിനേക്കാള്‍ ശക്തിയേറിയതും അപകടകരവുമായ ഒരു തരം കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. ‘തായ് ഗോള്‍ഡ്’ എന്നാണ് ഇത് യുവാക്കള്‍ക്കും കച്ചവടക്കാര്‍ക്കുമിടയില്‍ അറിയപ്പെടുന്നത്. മാരക രാസവസ്തുക്കളില്‍ ആറ് മാസത്തോളം കഞ്ചാവ് ഇട്ടു വെക്കുന്നു. തുടര്‍ന്ന് ഇത് ഉണക്കിയെടുത്തതിന് ശേഷം ഒരു ഗ്രാം വീതമുള്ള ഉരുളകളാക്കി വില്‍ക്കുന്നു. ഇതിന് മാര്‍ക്കറ്റില്‍ ഒരു കോടിയോളം വില വരും.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സൂക്ഷ്മ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്. രാജ്യാന്തരവിപണിയില്‍ വലിയ ഡിമാന്‍ഡുള്ളതും വീര്യമേറിയതുമായ കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.