തിരുവനന്തപുരം: പോത്തന്‍കോട് വയോധികയെ വീടിന് സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ബലാത്സംഗത്തിനിരയായാണ് സ്ത്രീ കൊല്ലപ്പെട്ടത്. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുറിവ് കണ്ടെത്തി. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പോത്തന്‍കോട് സ്വദേശി തൗഫീഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കൊയ്ത്തൂര്‍ക്കോണം മണികണ്ഠ ഭവനില്‍ തങ്കമണി (65)യെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. രാവിലെ വീടിന് സമീപത്ത് പറമ്പില്‍ പൂ പറിക്കാനായി പോയിരുന്നു. എന്നാല്‍ മടങ്ങി വരുന്നത് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് സഹോദരന്റെ പുരയിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
തങ്കമണി ധരിച്ചിരുന്ന വസ്ത്രം കീറിയിട്ടുണ്ട്. ഉടുത്തിരുന്ന മുണ്ട് കൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിലേക്ക് അന്വേഷണം നീങ്ങിയത്. കൊലപാതകത്തിന് ശേഷം തൗഫീഖ് വയോധികയുടെ കമ്മല്‍ ഊരിയെടുത്തിരുന്നു. വയോധികയുടെ ലുങ്കി ഊരിയെടുത്ത് ശരീരത്തില്‍ പുതപ്പിച്ച ശേഷമാണ് ഇയാള്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്. ഇയാള്‍ക്കെതിരെ പോക്സോ കേസുകള്‍ അടക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.