തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി പൊതുവിദ്യാഭ്യാസവകുപ്പ്. സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുക്കുന്ന അധ്യാപകരിലേക്കാണ് ഇപ്പോള്‍ സംശയം നീങ്ങുന്നത്. ട്യൂഷന്‍ സെന്ററിലെ അധ്യാപകര്‍ക്ക് ചോര്‍ച്ചയില്‍ പങ്കുണ്ടാകാമെന്നും കര്‍ശന നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിനു മുമ്പും ഇതേപോലെ പരാതികള്‍ ഇവര്‍ക്കെതിരെ വന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.
യൂട്യൂബ് ചാനലുകള്‍ പ്രഡിക്ഷന്‍ എന്ന നിലയ്ക്കാണ് ചോദ്യങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ യാതൊരുവിധ മാറ്റവുമില്ലാതെ ചോദ്യങ്ങള്‍ അതേ പടിയാണ് വന്നത്. ക്രിസ്മസ് പരീക്ഷ ചോദ്യങ്ങളുമായി 90 ശതമാനത്തിലേറെ സാമ്യം എംഎസ് സൊല്യൂഷന്‍, എഡ്യുപോര്‍ട്ട് അടക്കമുള്ള യൂ ട്യൂബ് ചാനലുകളിലെ ചോദ്യങ്ങള്‍ക്ക് വന്നതോടെയാണ് ചോര്‍ച്ചയെന്ന പരാതി മുറുകിയത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകരിലേക്കും കൂടാതെ ട്യൂഷന്‍ സെന്ററുകളില്‍ ഇപ്പോഴും ക്ലാസെടുക്കുന്ന അധ്യാപകരിലേക്കുമാണ് സംശയം നീളുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കിയത്